ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഗ്ലാഡ്ബാക്ക്

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്ക് അട്ടിമറിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്ലാഡ്ബാക്ക് ബവേറിയന്മാരെ തകർത്തത്. യപ്പ് ഹൈങ്കിസ് സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ പരാജയമാണ് ബയേണിനിത്. ഒൻപത് മത്സരങ്ങളിൽ അപരാജിതരായി കുതിച്ച ബയേണിന് കടിഞ്ഞാണിടാൻ ഗ്ലാഡ്ബാക്കിനു സാധിച്ചു. തോർഗൻ ഹസാർഡും മതിയാസ്‌ ജിൻറ്റെറുമാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്. അർടുറോ വിദാൽ ആണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടുകൂടി ഡോർട്ട്മുണിനെ പിന്തള്ളി ഗ്ലാഡ്ബാക്ക് നാലാം സ്ഥാനത്തേക്കെത്തി.

തന്റെ ജന്മ നാട്ടിലെ പഴയ തട്ടകത്തിലേക്കാണ് യപ്പ് ഹൈങ്കിസ് തിരിച്ചെത്തിയത്. ബൊറൂസിയ പാർക്കിൽ ഇരു ടീമുകളും ആക്രമിച്ചാണ് തുടങ്ങിയത്. മുള്ളറും റോബനും ഇല്ലാതെ ഇറങ്ങിയ ബയേണിന്റെ ആക്രമണ നിരക്ക് മൂർച്ഛയുണ്ടായിരുന്നില്ല. കിങ്സ്ലി കോമനെ ആദ്യമിറക്കാതിരുന്നത് തെറ്റായിപ്പോയെന്ന് ബയേണിന്റെ കളി കാണിച്ച് തന്നു. ബോക്സിൽ വെച്ച് നിക്ലാസ് സുലെയുടെ കയ്യിൽ തട്ടിയ പന്ത് ഗ്ലാഡ്ബാക്കിനു ഒരു പെനാൽറ്റി സമ്മാനിച്ചു. കിക്കെടുത്ത തോർഗൻ ഹസാർഡിനു പിഴച്ചില്ല. അപ്രതീക്ഷിതമായ ഗോളിൽ പകച്ചു പോയ ബയേണിന് ഇരട്ട പ്രഹരമായി മതിയാസ്‌ ജിന്റ്റെർ ലീഡുയർത്തി. ലാർസ് സ്റ്റിൻഡീലിന്റെ പാസ് മനോഹരമായൊരു ഗോളാക്കി ജിന്റ്റെർ മാറ്റി. രണ്ടാം പകുതിയിലാണ് ബയേണിന്റെ ആശ്വാസ ഗോൾ വന്നത്. വിദാലിന്റെ ബോക്സിനു പുറത്ത് നിന്നുള്ള തകർപ്പൻ ഷോട്ട് ഒട്ടേറെ കളിക്കാരെ കടന്നു യാൻ സോമേഴ്‌സിന്റെ കയ്യിലൊതുങ്ങാതെ വലയിലേക്കെത്തി. ബയേണിന്റെ അക്രമണനിരയിലെ പ്രശ്നങ്ങൾ എടുത്ത് കാട്ടുന്ന ഒരു മത്സരമായിരുന്നു ഇന്നത്തേത്. ലെവൻഡോസ്‌കിക്ക് ഒരു പകരക്കാരനെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement