ജർമ്മൻ ക്ലാസിക്കയിൽ ബയേണെ തകർത്ത് ഡോർട്ട്മുണ്ട്, RB ലെപ്സിഗ് ലീഗിൽ ഒന്നാമത്

- Advertisement -

ജർമ്മൻ ക്ലാസിക്കോയിലെ ഡോർട്ട്മുണ്ടിൻ്റെ വിജയത്തെക്കാളും ബയേൺ മ്യൂണികിൻ്റെ ലീഗിലെ ആദ്യ തോൽവിയെക്കാളും ജർമ്മനിയും ബുണ്ടസ് ലീഗ ആരാധകരും ചർച്ച ചെയ്യുന്നത് ലെപ്സിഗ് വീരഗാഥയാണ്. സീസണിൽ ഡോർട്ട്മുണ്ട് അടക്കം വമ്പൻമാരെ മുമ്പ് തോൽപ്പിച്ച അവർ 3 -2 നാണ് ശക്തരായ ലെവർകൂസനെ അവരുടെ മൈതാനത്ത് വച്ച് തകർത്തത്. ഇതോടെ ലീഗിൽ ഇത് വരെ പരാജയമറിയാത്ത അവർ 11 കളികളിൽ 27 പോയിൻ്റുമായി ലീഗിൽ ബയേണിനെ മറികടന്ന് ഒന്നാമതെത്തി. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ ലെപ്സിഗ് കൈവരിച്ച ഈ നേട്ടം പണം ഒഴുക്കി നേടിയതിനാൽ തന്നെ ഒരു പാട് വിർശകരേയും വെറുപ്പുമാണ് ലെപ്സിഗിന് ആരാധകരേക്കാൾ നേടാനായത്. സീസണിൽ ഡോർട്ട്മുണ്ട് ആരാധകർ അടക്കം പലരും ലെപ്സിഗിനെതിരായ അവേ മത്സരം ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഈ കുതിപ്പ് ലെപ്സിഗിന് സീസൺ അവസാനം വരെ നിലനിർത്താനാവുമോ എന്നതാണ് വലിയ ചോദ്യം.

ഇന്നലെ നടന്ന ജർമ്മൻ ക്ലാസിക്കോയിൽ ബയേണിൻ്റെ അപരാജിത കുതിപ്പിന് സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ ബൊറുസ്സിയ ഡോർട്ട്മുണ്ടാണ് അവസാനം കുറിച്ചത്. ഒബാമയങ്ങിന്റെ ഏക ഗോളിനായിരുന്നു ഡോർട്ട്മുണ്ടിൻ്റെ വിജയം. ഇതോടെ ഡോർട്ട്മുണ്ട് ബയേണിൻ്റെ തൊട്ട് പിറകിൽ മൂന്നാം സ്ഥാനതെത്തി.
മറ്റ് മത്സരങ്ങളിൽ തുല്യരുടെ പോരാട്ടത്തിൽ വോൾസ്ബെർഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഷാൽകെ തോൽപ്പിച്ചപ്പോൾ ശക്തരായ ബൊറുസ്സിയ മെഗ്ലദ്ബാഷിനെ കോളിൻ 2 – 1 നു മറികടന്നു. ഇതോടെ കോളിൻ സീസണിലെ മികച്ച തുടക്കവും 4 സ്ഥാനവും നില നിർത്തി.

Advertisement