ഡോർട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചു

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചു. രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ഡോർട്ട്മുണ്ട് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ മോശം ഫോമിവിടേയും തുടരുകയാണ് മഞ്ഞപ്പട. ഡോർട്മുണ്ടിന് വേണ്ടി നൂരി സാഹിനും മാക്സിമില്ലൻ ഫിലിപ്പും ഗോളടിച്ചു. സെബാസ്റ്റ്യൻ ഹല്ലേറും മാറിയസ് വോൾഫും ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഗോളടിച്ചു. ജർമ്മൻ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയുടെ ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള 100 ആം മത്സരമായിരുന്നു ഇന്നത്തേത്.

ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം പിയറി എമറിക്ക് ഒബമയാങ് ക്യാപ്റ്റനായ മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ വഴിക്കായിരുന്നു കാര്യങ്ങൾ എല്ലാം. ആദ്യ പകുതിയിലെ ഒരു ഗോൾ ലീഡും രണ്ടാം പകുതിയുടെ തുടക്കത്തിലേ നേടിയ ഗോളും നൽകിയ അവസരം മുതലെടുക്കുവാൻ ഡോർട്ട്മുണ്ടിന് സാധിച്ചില്ല. നിലവിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിനെ ഇത് ബാധിക്കും. ഹാംബർഗിനെ തോൽപ്പിച്ചാൽ ബയേൺ മ്യുണിക്കിന് ഡോർട്ട്മുണ്ടിനോടൊപ്പം എത്താം. ഇംഗ്ലീഷ് താരമായ ജേഡൻ സാഞ്ചോ ആദ്യമായി ഇന്ന് ഡോർട്ട്മുണ്ടിന് വേണ്ടി ഇറങ്ങി. 83 ആം മിനുട്ടിലാണ് സിറ്റിയുടെ മുൻതാരം മഞ്ഞപ്പടയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement