
ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയത്തോടെ ബൊറൂസിയ ഡോർട്ട്മുണ്ട് സീസൺ ആരംഭിച്ചു. ബാഴ്സലോണയുടെ നോട്ടപ്പുള്ളിയായ ഒസ്മാൻ ഡെംബെലെ ഇല്ലാതെയാണ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. മരിയോ ഗോട്സെ ഏറെക്കാലത്തിനുശേഷം ഡോർട്ട്മുണ്ടിന്റെ ജേഴ്സി അണിഞ്ഞ മത്സരത്തിൽ മാർക്ക് ബർട്രയും പുളിസിക്കും ഒബമയങ്ങും ഗോളുകൾ നേടി.
വോൾഫ്സ് വാഗൻ അറീനയിൽ നടന്ന മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ ഈ സീസണിലെ ആദ്യ ഗോൾ നേടിയത് 18 കാരനായ ക്രിസ്റ്റിൻ പുളിസിക്കാണ്. ഏറെനാൾ പരിക്കിനെ തുടർന്ന് വിട്ടുനിന്ന ഗോട്സെ ആണ് പുളിസിക്കിന്റെ ഗോളിന് വഴിയൊരുക്കിയത്. പിന്നീട് വോൾഫ്സ്ബർഗ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോളിന് അരങ്ങൊരുങ്ങിയില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേതന്നെ മാർക്ക് ബർട്രയിലൂടെ ഡോർട്ട്മുണ്ട് ലീഡുയർത്തി. ഒരു തകർപ്പൻ കേർൾട് ഷോട്ടിലൂടെ മഞ്ഞപ്പടയുടെ പ്രിയതാരം സീസണൽ അക്കൗണ്ട് ഓപ്പൺ ചെയ്തു.
ക്ലബ്ബ് വിടാൻ ഒരുങ്ങുന്ന ഒസ്മാൻ ഡെംബെലെയോടുള്ള പ്രതിഷേധം ആരാധകർ ഇന്ന് പരസ്യമായി പ്രകടിപ്പിച്ചു. നിലവിൽ ഡോർട്ട്മുണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്ന ഡെംബെലെക്കെതിരെ ബാനറുകളുയർന്നു. രണ്ടാം പകുതിയിൽ ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ സർവ്വാധിപത്യമായിരുന്നു കളിക്കളത്തിൽ കാണാൻ കഴിഞ്ഞത്. ആദ്യ ഗോൾ നേടിയ ക്രിസ്റ്റിൻ പുളിസിക്കിന്റെ അസിസ്റ്റിൽ ഒബമയാങ് ഡോർട്ട്മുണ്ടിന്റെ മൂന്നാം ഗോൾ അടിച്ചു. കഴിഞ്ഞ സീസണിലെ ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോറർ ആയിരുന്നു ഒബാമയാങ്. പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് ഒബാമയാങ് ഗോൾ വേട്ടക്ക് തുടക്കമിട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial