ഹാളണ്ടിന്റെ ഹാട്രിക്കിനും ഡോർട്ട്മുണ്ടിന്റെ പരാജയം ഒഴിവാക്കാൻ ആയില്ല

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആവേശകരമായ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു ബോകും. പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ മുമ്പ് ബയേണിനെ അട്ടിമറിച്ച ബോകും ആണ് കൂടുതൽ അപകടകാരികൾ ആയത്. മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ തകുമോ അസാനോയുടെ പാസിൽ നിന്നു സെബാസ്റ്റ്യൻ പോൾട്ടർ ബോകുമിനെ മുന്നിൽ എത്തിച്ചു. മിനിറ്റിൽ അസാനോയുടെ തന്നെ പാസിൽ നിന്നു ജെറിറ്റ് ഹോൾട്ട്മാൻ ഡോർട്ട്മുണ്ടിന് രണ്ടാം അടിയും സമ്മാനിച്ചു.

തുടർന്ന് 18, 30 മിനിറ്റുകളിൽ ലഭിച്ച പെനാൽട്ടികൾ ലക്ഷ്യം കണ്ട എർലിങ് ഹാളണ്ട് ഡോർട്ട്മുണ്ടിനെ മത്സരത്തിൽ തിരികെ എത്തിച്ചു. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ മാർകോ റൂയിസിന്റെ പാസിൽ നിന്നു തന്റെ ഹാട്രിക് പൂർത്തിയാക്കിയ ഹാളണ്ട് മത്സരത്തിൽ ആദ്യമായി ഡോർട്ട്മുണ്ടിനെ മുന്നിലെത്തിച്ചു. 81 മത്തെ മിനിറ്റിൽ മിലോസ് പാന്റോവിച്ചിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലോകാഡിയോ ബോകുമിനെ വീണ്ടും മത്സരത്തിൽ ഒപ്പമെത്തിച്ചു. 85 മത്തെ മിനിറ്റിൽ അലക്‌സ് വിറ്റ്സലിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മിലോസ് പാന്റോവിച് ഡോർട്ട്മുണ്ടിന് കണ്ണീർ സമ്മാനിച്ചു മിലോസ് ബോകുമിനു വിജയം സമ്മാനിക്കുക ആയിരുന്നു.