ഡോർട്ട്മുണ്ടിനും ലെപ്സിഗിനും തകർപ്പൻ വിജയം, ഗ്ലാഡ്ബാക്ക് പൊരുതി തോറ്റു

ബുണ്ടസ് ലീഗയിൽ ഇന്നു നടന്ന മൽസരങ്ങളിൽ മൂന്നിനെതിരെ ഒരു ഗോളിന് ഡോർട്ട്മുണ്ട് ഫ്രാങ്ക് ഫർട്ടിനേയും എകപക്ഷീയമായ 4 ഗോളുകൾക്ക് ലെപ്സിഗ് ഫ്രെയ്ബർഗിനേയും രണ്ടിനെതിരെ ഒരു ഗോളിന് ഓഗ്സ്ബർഗ് കൊളോനേയും പരാജയപ്പെടുത്തി. മറ്റ് മൽസരങ്ങളിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് വോൾഫ്സ്ബർഗ് ഇൻഗോൾസ്റ്റാഡിനേയും 5ന് എതിരെ 3 ഗോളുകൾക്ക് ഹോഫെൻഹെയിം ഗ്ലാഡ്ബാക്കിനേയും പരാജയപ്പെടുത്തി.

ഡോർട്ട്മുണ്ട് ടീമിനു നേരെ അക്രമണമുണ്ടായതിനു ശേഷം നാലാം ദിവസമാണ് സിഗ്നൽ-ഇടൂന പാർക്കിൽ ഡോർട്ട്മുണ്ടിറങ്ങിയത്. തോമസ് ടൂഹലും സംഘവും വിജയത്തിനു മാത്രമായാണ് ഇറങ്ങിയത്. ചെറിയ ഇടവേളക്ക് ശേഷം മാർകോ റൂയിസ് തിരിച്ച് വന്ന മൽസരത്തിൽ മൂന്നാം മിനുറ്റിൽ ആദ്യ ഗോൾ നേടി. എന്നാൽ 29ആം മിനുട്ടിൽ മാർകോ ഫാബിയൻ ഈഗിൾസിനു വേണ്ടി സമനില നേടി. എന്നാൽ ഏതാനം മിനുറ്റുകൾക്ക് ശേഷം സോക്രട്ടീസിലൂടെ വീണ്ടും ഡോർട്ട്മുണ്ട് ലീഡ് നേടി. 86ആം മിനുറ്റിൽ ഡെംബാലെയുടെ അസിസ്റ്റിൽ സൂപ്പർതാരം ഓബമയാങ്ങ് തന്റെ 26ആം ഗോൾ നേടുകയും ഡോർട്ട്മുണ്ടിന്റെ മൂന്ന് പോയന്റ് ഉറപ്പിക്കുകയും ചെയ്തു. ബുണ്ടസ് ലീഗയിലെ ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ 15ആം വിജയമാണെങ്കിലും വെസ്റ്റ് ഫാലോൻ സ്റ്റേഡിയോനിലെ ആരാധകർക്ക് ആഘോഷരാവായിരുന്നു.

ബുണ്ടസ് ലീഗയിലെ പുതിയ ടീമുകൾ തമ്മിലുള്ള മൽസരത്തിൽ ലെപ്സിഗ് ശക്തമായ ആധിപത്യത്തിലൂടെ വിജയം നേടി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഫ്രെയ്ബർഗിനെ പരാജയപ്പെടുത്തിയത്. യൂസഫ് പോൾസണീന്റെ തകർപ്പൻ പെർഫോമൻസാണ് ഹാസെൻഹുട്ടിലിന്റെ ലെപ്സിഗിന്റെ വിജയമുറപ്പിച്ചത്. 35ആം മിനുറ്റിലെ ഗോളും ഒരു ഗോൾ അസിസ്റ്റുമായിരുന്നു പോൾസണിന്റെ സംഭാവന. 41ആം മിനുട്ടിലെ ഗോളിലൂടെ തിമോ വെർണർ സീസണിലെ 16ആം ഗോൾ സ്വന്തമാക്കി. നാബി കീറ്റയും (51′) ഡെമേയും (90+1′) ഓരോ ഗോളുകൾ വീതം ലെപ്സിഗിനു വേണ്ടി നേടി.

സ്വന്തം തട്ടകത്തിൽ തോൽക്കാൻ ഹോഫെൻഹെയിം വിസമ്മതിച്ചപ്പോൾ ബുണ്ടസ് ലീഗ പ്രേമികൾക്ക് ലഭിച്ചതൊരു തകർപ്പൻ മൽസരം. ഗോൾ മഴപെയ്ത മൽസരത്തിൽ വിട്ടുകൊടുക്കാൻ ഇരു ടീമുകളും തയ്യാറായിരുന്നില്ല. ഗ്ലാഡ്ബാക്ക് ശക്തമായി പൊരുതിയപ്പോൾ പിറന്നത് ആകെ 8 ഗോളുകൾ. അന്തിമ വിജയം ജൂലിയൻ നാഗെൽസ്മാന്റെ ഹോഫെൻഹെയിമിനായിരുന്നു. ആദം സലായ് യുടെ ഇരട്ട ഗോളുകളാണ് ഹോഫെൻഹെയിമിനെ തുണച്ചത്. 10ആം മിനുറ്റിലും 24ആം മിനുറ്റിലും ഗ്ലാഡ്ബക്കിന്റെ വല സലായ് ചലിപ്പിച്ചു. എന്നാൽ 31ആം മിനുറ്റിൽ വെസ്റ്റെർഗാർഡിന്റെ ഗോളിലൂടെ ഗ്ലാഡ്ബാക്ക് തിരിച്ചു വന്നു. അഞ്ചു മിനുറ്റിനു ശേഷം ലാർസ് സ്റ്റിൻഡിലിന്റെ ഗോളിലൂടെ ബൊറുസിയ മൊഷെൻഗ്ലാഡ്ബാക്ക് സമനില പിടിച്ചു. ആദ്യ പകുതിയിൽ നാല് ഗോളുകളാണ് പിറന്നത്. രണ്ടാം പകുതിയിൽ ആദ്യം സ്കോർ ചെയ്തത് കെരെം ഡെമിർബെയിലൂടെ(57′) ഹോഫെൻഹെയിം ആണ്. 75ആം മിനുറ്റിൽ മാർക് ഉത് ഹോഫെൻഹെയിമിന്റെ ലീഡുയർത്തി. എന്നാൽ ദാവൂദിലൂടെ(79′) ഗ്ലാഡ്ബാക്ക് ലീഡ് ഒന്നായി കുറച്ചു. പക്ഷേ 90ആംമിനുട്ടിൽ ഡെമിർബെ തന്റെ രണ്ടാം ഗോൾ അടിച്ച് വിജയം ഹോഫെൻഹെയിമിന്റേതാക്കി.

റെലെഗേഷൻ ഭീഷണി നേരിടുന്ന ഇരു ടീമുകൾക്കും അതിജീവനത്തിനായി വിജയം അനിവാര്യമായിരുന്നു. ഇൻഗോൾസ്റ്റാഡിന്റെ വിധി മറ്റൊന്നായിരുന്നു. മാർക്കസ സട്ടർ സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് കയറ്റിയപ്പോൾ വോൾഫ്സ് ലീഡ് നേടി. യുനുസ് മല്ലി(69′) വോൾഫ്സിനു വേണ്ടി തന്റെ ആദ്യ ഗോൾ നേടി. പിന്നീട് മൽസരത്തിലേക്ക് മടങ്ങിവരാൻ സാധിക്കാതിരുന്ന ഇൻഗോൾസ്റ്റാഡിന്റെ തോൽവിയിൽ ആണിയടിച്ചുറപ്പിക്കും പോലെ മരിയോ ഗോമസ് സീസണിലെ തന്റെ 14ആം ഗോൾ അടിച്ചു. ഇതോട് കൂടി ലീഗയിലെ എല്ലാ ടീമുകൾക്കെതിരെയും ഗോമസ് ഗോൾ നേടിക്കഴിഞ്ഞു.

ഓഗ്സ്ബർഗ് രണ്ടിനെതിരെ ഒരു ഗോളിന് 1.എഫ്സി കൊളോനെ‌ പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി റെലെഗേഷൻ ഭീഷണി നേരിടുന്ന ഓഗ്സ്ബർഗിനിത് ആശ്വാസമാകുമെങ്കിലും കൊളോനിന്റെ യൂറോപ്പ്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഹിന്റെരെഗ്ഗെർ ആണ് ഓഗ്സ്ബർഗ്ഗിന് (5′) വേണ്ടി ആദ്യം സ്കോർ ചെയ്തത്. 24ആം മിനുറ്റിൽ സോരെൻസെൻ വഴി ലഭിച്ച പെനാൽറ്റി പോൾ വെർഹേഗ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. 65ആം മിനുറ്റിൽ പിഴവിന് പകരമായി ഫെഡെറിക് സോരെൻസെൻ കൊളോനിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയം മാനുവൽ ബൗമിനും ഓഗ്സ്ബർഗിനും ആശ്വാസമേകും.