ജർമ്മൻ സൂപ്പർകപ്പിലും അടിപതറാതെ ബയേൺ, ഡോർട്ട്മുണ്ടിനെ വീഴ്ത്തി ജയം

ജർമ്മൻ സൂപ്പർകപ്പിലും അടിപതറാതെ ബയേൺ മ്യൂണിക്ക്. തുടർച്ചയായ അഞ്ചാം കിരീടമുയർത്തി കുതിക്കുകയാണ് ഹാൻസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിക്ക്. ഈ സീസണിലെ ആദ്യ ജർമ്മൻ ക്ലാസിക്കോയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തിയാണ് യൂറോപ്യൻ ചാമ്പ്യന്മാർ ജയം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ബയേൺ നേടിയത്. ബയേണിന് വേണ്ടി ടൊളീസോ, മുള്ളർ, കിമ്മിഷ് എന്നിവർ ഗോളടിച്ചപ്പോൾ ബ്രാൻഡും ഹാലൻഡുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്.

ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിമിനോടേറ്റ അപ്രതീക്ഷിതമായ പരാജയത്തിന് പിന്നാലെയാണ് ബദ്ധവൈരികളായ ഡോർട്ട്മുണ്ടിനെ ബയേൺ വീഴ്ത്തിയത്. സാനെ, ഗോരെട്സ്ക എന്നിവരുടെ അഭാവത്തിലിറങ്ങിയ ബയേൺ 18ആം മിനുട്ടിൽ തന്നെ ടൊളീസോയിലൂടെ ആദ്യ ഗോളടിച്ചു. 32ആം മിനുട്ടിൽ മുള്ളറിലൂടെ ലീഡുയർത്തിയെങ്കിലും ജൂലിയൻ ബ്രാൻഡിന്റെ തകർപ്പൻ ഷോട്ട് ക്യാപ്റ്റൻ മാനുവൽ നുയറിനെ മറികടന്നു.

പിന്നീട് ഡോർട്ട്മുണ്ട് യുവതാരം എർലിംഗ് ഹാലൻഡിലൂടെ സമനില പിടിച്ചെങ്കിലും ലെവൻഡോസ്കിയും കിമ്മിഷും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ കിമ്മിഷ് ലക്ഷ്യം കണ്ടു. ഈ ജയത്തോട് കൂടി ജർമ്മൻ കപ്പ്, ബുണ്ടസ് ലീഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ജർമ്മൻ സൂപ്പർ കപ്പ് കിരീടങ്ങൾ ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി.

Exit mobile version