Local Sports News in Malayalam

ജർമ്മൻ ക്ലാസിക്കോയിൽ ബവേറിയന്മാർക്ക് വൻ വിജയം

ദേർ ക്ലാസ്സിക്കറിൽ തീപാറി. ബുണ്ടസ് ലീഗയിലെ വമ്പന്മാർ തമ്മിൽ കൊമ്പ് കോർത്തപ്പോൾ വിജയം ബവേറിയന്മാർക്ക്. ഒന്നിനെതിരെ നാലുഗോളുകൾക്കാണ്  തോമസ് ടൂഹലിന്റെ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്‌കി തിളങ്ങിയപ്പോൾ റോബനും റിബറിയും ഓരോ ഗോളുകൾ വീതം നേടി. റാഫേൽ ഗുരേറിയോ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടി .

ആലിയൻസ് അറീനയിൽ ബദ്ധവൈരികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഇരു ടീമുകളും പ്രതീക്ഷിച്ചു കാണില്ല. അടുത്ത വാരം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ നേരിടേണ്ട ആൻസലോട്ടിക്കും ടീമിനും വിജയമനുവാര്യമായിരുന്നു. മികച്ച പ്രകടനമാണ് ബവേറിയന്മാർ പുറത്തെടുത്തത്. ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെക്കാൾ 18 പോയന്റുകൾക്ക് മുന്നിലായി ബയേൺ മ്യുണിക്ക്. ആക്രമിച്ചും അധിപത്യമുറപ്പിച്ചുമാണ് ബയേൺ കളിച്ചത്. ബോൾ പൊസഷൻ 71 ശതമാനവും ബയേണിന്റെ കൂടെയായിരുന്നു. ഫ്രാങ്ക് റിബറി ബയേണിന്റെ ആദ്യ ഗോളടിച്ചു. 4 ആം മിനുട്ടിൽ തിയാഗോയുടെ പാസ് തകർപ്പൻ ഷോട്ടിലൂടെ വലയിലേക്ക്. നോക്കി നിൽക്കാൻ മാത്രമേ ഡോർട്ട്മുണ്ട്  ഗോൾകീപ്പർ റോമൻ ബുർക്കിക്ക് സാധിച്ചുള്ളൂ. ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്നും ഡോർട്ട്മുണ്ട് മോചിതരാകും മുൻപേ  രണ്ടാം ഗോളും  വീണു. ഇത്തവണ റോബർട്ട് ലെവൻഡോസ്‌കി ആണ് അടിച്ചത്. റിബെറിയെ മാർക്ക് ബർട്രാ വീഴ്ത്തിയപ്പോൾ പത്താം മിനുട്ടിൽ ഫ്രീ കിക്കെടുത്ത ലെവൻഡോസ്‌കിക്ക് പിഴച്ചില്ല. പത്തു മിനുട്ടിനുള്ളിൽ ഡോർട്ട്മുണ്ട് രണ്ടു ഗോളുകൾ വഴങ്ങി. ബവേറിയന്മാർ ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. വിദാലിനു പറ്റിയ പിഴവ് റാഫേൽ ഗാരേറിയോ മുതലെടുത്തു. ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്തത് ഡിഫ്‌ളെക്‌ട് ചെയ്തു നേരെ ഗാരേറിയോയ്ക്ക് മുൻപിൽ. ഇരുപതാം  മിനുട്ടിൽ ഡോർട്ട്മുണ്ട് സ്‌കോർ ചെയ്തു. സമനില പിടിക്കാൻ കാര്യമായ സര്മങ്ങള് ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ അടുത്ത് നിന്നുണ്ടായി. പക്ഷെ ഒന്നും ലക്ഷ്യം കണ്ടില്ല. അതെ സമയം അർജെൻ റോബൻ ഒറ്റയാൾ പട്ടാളമായി^ ഡോർട്ട്മുണ്ടിന്റെ നേരെ അക്രമണമഴിച്ചു വിട്ടു. ബാർ തടമായിരുന്നില്ലെങ്കിൽ ആദ്യ പകുതിയിൽ തന്നെ റോബൻ സ്‌കോർ ചെയ്തേനെ.

രണ്ടാം പകുതിയിൽ സമനില പിടിക്കാൻ ഡോർട്ട്മുണ്ട് ശ്രമം തുടങ്ങിയപ്പോൾക്ക് റോബൻ സ്‌കോർ ചെയ്തു. 49  ആം മിനുട്ടിൽ 33  കാരനായ റോബൻ ഡോർട്ട്മുണ്ട് ഡിഫെൻഡേർസ് ആയ പപ്പസ്‌തോപൗലോസിനെയും ഷമേൽസറിനെയും കബളിപ്പിച്ചു ഇടങ്കാൽ കൊണ്ടടിച്ചു. ബുർക്കിയെ കടന്നു ബോൾ വലയിലായപ്പോൾ അലിയൻസ് അറീന ആവേശക്കടൽ ആയി. ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം ഒബ്‌മയാങ് ബയേണിന്റെ ബോക്സ് വരെ എത്തിയെങ്കിലും പ്രതിരോധത്തെ മറികടക്കാനായില്ല. തുടർന്ന് പന്തുമായി ഡോർട്ട്മുണ്ട് പ്രതിരോധനിരയെ മുറിച്ചു കടന്ന ലെവൻഡോസ്‌കിയെ ഡോർട്ട്മുണ്ട് ഗോളി റോമൻ ബുർക്കി തട്ടി വീഴ്ത്തി. പെനാൽറ്റിയെടുത്ത ലെവൻഡോസ്‌കിക്ക് (68′) ഉന്നം പിഴച്ചില്ല. ബുണ്ടസ് ലീഗയിലെ 26  ആം ഗോൾ ലെവൻഡോസ്‌കി  നേടി. ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള യാത്രയിൽ ഇതോടുകൂടി ഒബ്‌മയങ്ങിനെക്കാളും ഒരു ഗോൾ മുന്നിലാണ് ലെവൻഡോസ്‌കി. വീഴ്ചയിൽ തോളിനാണ് ലെവൻഡോസ്‌കിക്ക് പരിക്കേറ്റത്. വൈകാതെ കളം വിട്ട  ലെവൻഡോസ്‌കിക്കും റിബെറിക്കും സ്റ്റാന്റിംഗ് ഒവേഷൻ ആണ് ആരാധകർ നൽകിയത്.

ബുണ്ടസ് ലീഗ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനി കിരീടത്തിനായി ഒരു പോരാട്ടം എന്ന് പറയാൻ സാധിക്കുമോ എന്നറിയില്ല. 28 കളികളിൽ നിന്നും 68 പോയിന്റുമായി അജയ്യരായി ബവേറിയന്മാർ ഒന്നാം സ്ഥാനത്താണ്.

You might also like