ജർമ്മൻ ക്ലാസിക്കോയിൽ ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഫുട്ബോൾ ലോകം കാത്തിരുന്ന ജർമ്മൻ ക്ലാസിക്കോയിൽ ഗോൾ മഴ. എതിരില്ലാത്ത നാല് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്കിയും ഗ്നാബ്രിയുമാണ് ബയേണിനായി സ്കോർ ചെയ്തത്. മാറ്റ്സ് ഹമ്മെൽസിന്റെ ഓൺ ഗോൾ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.

എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെയേറ്റ വമ്പൻ പരാജയത്തിൽ നിന്നും ശക്തമായ തിരിച്ച് വരവാണ് ബയേൺ ഇന്ന് നടത്തിയത്. ഈ സീസണിലെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 16 ആയി ഉയർത്താൻ ലെവൻഡോസ്കിക്കായി. 17 ആം മിനുട്ടിൽ ഗ്നബ്രിയുടെ ക്രോസിലാണ് ലെവൻഡോസ്കി ബയേണിന്റെ ആദ്യ ഗോൾ നേടിയത്. പിന്നീട് ഗ്നബ്രിയുടെ ഒരു ഗോൾ ഓഫ്സൈട് കാരണം അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുള്ളറിന്റെ അസിസ്റ്റിൽ ഗ്നബ്രി ലീഡുയർത്തി.

വാർ ഡ്രാമയ്ക്കൊടുവിലായിരുന്നു ഗോൾ അനുവദിച്ചത്. പിന്നീട് ഡോർട്ട്മുണ്ടിനായി റിയൂസും പാക്കോയും ഇറങ്ങിയെങ്കിലും ഗോൾ പിറന്നില്ല. വീണ്ടുമൊരു ഗോളിന് മുള്ളർ വഴിയൊരുക്കി. ലീഗയിലെ 16ആം ഗോളുമായി ലെവൻഡോസ്കിയുമെത്തി.

Advertisement