
ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ശക്തമായി തിരിച്ചു വന്നു. സ്റ്റട്ട്ഗാർട്ടിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനത്തേക്കുയരാൻ ഡോർട്ട്മുണ്ടിനായി. ഡോർട്ട്മുണ്ടിന് വേണ്ടി യുഎസ് താരം പുളിസിക്കും മിച്ചി ബാത്ശുവായിയും മാക്സിമില്ലൻ ഫിലിപ്പും ഗോൾ നേടി.
ജർമ്മൻ ക്ലാസിക്കോയിൽ ബയേണിൽ നിന്നുമേറ്റ കനത്ത പരാജയത്തിനെ പഴങ്കഥയാക്കിയാണ് ഡോർട്ട്മുണ്ട് സ്റ്റട്ട്ഗാർട്ടിനെ തകർത്തത്. മാർക്കോ റൂയീസും പുളിസിക്കും തിരിച്ചെത്തിയ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. മരിയോ ഗോയിംസിന്റെ നേതൃത്വത്തിൽ സ്റ്റട്ട്ഗാർട്ട് ഡോർട്മുണ്ടിനെ ശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നെങ്കിലും ഗോളടിക്കാനായില്ല. ഇനി ഡോർട്മുണ്ട് ഏറ്റുമുട്ടുന്നത് രണ്ടാം സ്ഥാനത്തുള്ള ഷാൽകെയുമായാണ്. ഇരു ജർമ്മൻ വമ്പന്മാരും തമ്മിലുള്ള റിവിയർ ഡെർബിയാണ് അടുത്ത ആഴ്ചത്തെ ആകർഷണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial