ഇരട്ട ഗോളുകളുമായി റിയൂസും സാഞ്ചോയും, ഗോൾ മഴ പെയ്യിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. ഫോർച്യൂണ ദാസൽഡോർഫിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് ഡോർട്ട്മുണ്ട് നേടിയത്. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മാർക്കോ റിയൂസും ജേഡൻ സാഞ്ചോയും തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ നേടിയത് തോർഗൻ ഹസാർഡാണ്.

ആദ്യ പകുതിയിൽ റിയുസിന്റെ ഗോളിലൂടെ ഡോർട്ട്മുണ്ട് ലീഡ് നേടിയപ്പോൾ രണ്ടാം പകുതിയിൽ പിറന്നത് 4 ഗോളുകളാണ്. ഹെർത്തയ്ക്കെതിരായ ജയത്തിന്റെ തുടർച്ചയെന്നോണം മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ട് കാഴ്ച്ച വെച്ചത്. ഈ സീസണിൽ മികച്ച പ്രകടനം തുടരുകയാണ് ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ. ഡോർട്ട്മുണ്ടിനായി 7 ഗോളുകൾ നേടിയ താരം 6 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇന്നത്തെ ജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ മുന്നാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്.