വീണ്ടും സമനില, ഡോർട്ട്മുണ്ട് കീരീടം കൈവിട്ടോ?

സമനില കുരുക്കിൽ പെട്ട് വലയുകയാണ് ബൊറുസ്സിയ ഡോർട്ട്മുണ്ട്. ഇന്നലെ നടന്ന ബുണ്ടസ് ലീഗ മത്സരത്തിൽ 1-1 ന് മൈൻസാണ് ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ചത്. കഴിഞ്ഞ 5 ലീഗ് മത്സരത്തിനിടെ ഇത് നാലാം തവണയാണ് ഡോർട്ട്മുണ്ട് സമനില വഴങ്ങുന്നത്. ഇതോടെ ബയേണുമായി 14 പോയിൻ്റ് പിറകിൽ നാലാമതുള്ള ഡോർട്ട്മുണ്ടിൻ്റെ കിരീടസ്വപ്നങ്ങൾക്ക് മങ്ങലേറ്റു. തൻ്റെ പഴയ ക്ലബിനെതിരെ മത്സരത്തിനിങ്ങിയ തോമസ് തുച്ചലിൻ്റെ ടീമിന് സ്വപ്ന സമാനമായ തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്. ആന്ദ്ര ഷുർലയുടെ പാസ് മത്സരത്തിൻ്റെ മൂന്നാം നിമിഷം തന്നെ ഗോളാക്കി മാറ്റിയ മാർകോ റൂയിസ് മൈൻസിനെ ഞെട്ടിച്ചു.

എന്നാൽ മത്സരം തീരാൻ 7 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലാട്സയിലൂടെ സമനില കണ്ടത്തിയ മൈൻസ് ഡോർട്ട്മുണ്ടിനെ നിരാശയിലേക്ക് തള്ളി വിട്ടു. ലീഗിൽ ഇതോടെ പത്താമതെത്താനും മൈൻസിനായി. ലീഗിലെ ഇന്നലെ മറ്റൊരു മത്സരത്തിൽ ലീഗിൽ ആറാമതുള്ള ഹെർത്ത ബെർലിനെ ഫ്രയ്‌ബർഗ് 2-1 നു തോൽപ്പിച്ചു. ഇതോടെ ലീഗിൽ എട്ടാം സ്ഥാനത്തേക്കുയരാനും അവർക്കായി.