
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ബുണ്ടസ് ലീഗയ്ക്കിന്ന് തുടക്കമാകും. രാത്രി 12 മണിക്ക് ബയേൺ മ്യൂണിക്കും ബയേർ ലെവർകൂസനും തമ്മിലാണ് ആദ്യ മൽസരം. തുടർച്ചയായ ആറാം കിരീടത്തിനായി ബയേൺ മ്യൂണിക്ക് ഇറങ്ങുമ്പോൾ റെലെഗേഷൻ സോണിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ലെവർകൂസൻ ഈ സീസൺ വിജയത്തോടെ തുടങ്ങനാവും ശ്രമിക്കുക.
ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ജർമ്മൻ സൂപ്പർ കപ്പ് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ബവേറിയന്മാർ അലയൻസ് അറീനയിൽ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞ ഒന്നും ആൻസലോട്ടി പ്രതീക്ഷിക്കുന്നില്ല. പുതിയ കോച്ച് ഹൈകോ ഹെർലിക്കിന്റെ കീഴിൽ ഇറങ്ങുന്ന ലെവർകൂസൻ 12 സ്ഥാനത്തായി അവസാനിപ്പിച്ച കഴിഞ്ഞ സീസണെ മറക്കുവാനുള്ള ശ്രമത്തിലാണ്. റയലിൽ നിന്നും ജർമ്മനിയിലേക്കെത്തിയ കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ ബുണ്ടസ് ലീഗയിലെ അരങ്ങേറ്റത്തിനായി ആരാധകർക്ക് കാത്തിരിക്കേണ്ടി വരും. മാർട്ടിനെസും നുയെറും തിയാഗോയും ബോട്ടാങ്ങും ഇല്ലാതെയാവും ബയേൺ ഇന്നിറങ്ങുക. റെക്കോർഡ് തുകയ്ക്ക് അലയൻസ് അറീനയിലെത്തിയ ടൊളിസോ ഇന്നിറങ്ങും. ബെൻഡർ ബ്രദേഴ്സും ടിൻ ജെദ്വാജും ഇല്ലാതെയാണ് ലെവർകൂസൻ ഇറങ്ങുന്നത്.
27ആം ലീഗ് കിരീടത്തിനായി ബയേൺ ശ്രമിക്കുമ്പോൾ വെല്ലുവിളി ഉയർത്തുക ലെപ്സിഗും ഡോർട്ട്മുണ്ടും ആയിരിക്കും. ജൂലിയൻ നൈഗൻസ്മാന്റെ ഹോഫെൻഹെയിം കിരീടപ്പോരാട്ടത്തിൽ ഉണ്ടാകുമെന്നതുറപ്പാണ്. ഫുട്ബോൾ ലോകം ഉറ്റു നോക്കുക ലെപ്സിഗിന്റെ രണ്ടാം ബുണ്ടസ് ലീഗ സീസൺ ആയിരിക്കുമെന്നതിൽ തർക്കമില്ല. നാളെ രണ്ടാം മൽസരത്തിൽ വോൾഫ്സ്ബർഗ് ജർമ്മൻ കപ്പ് ജേതാക്കളായ ഡോർട്ട്മുണ്ടിനെ നേരിടും . ബുണ്ടസ് ലീഗയിലേക്ക് തിരിച്ചെത്തിയ ഹന്നോവർ മെയിൻസിനെയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial