ബുണ്ടസ് ലീഗെയിൽ ഇനി ബയേണിന്റെ ‘റോബറി’യില്ല

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേണിൽ ഇനി ‘റോബറി’യില്ല. ക്ലബ്ബിൽ ഏറെ കാലമായി കളിക്കുന്ന ഡച് താരം ആര്യൻ റോബനും, ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും ഇന്ന് അവർക്ക് വേണ്ടി അവസാനത്തെ കളി കളിച്ചു. ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഇരുവരും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഇനി ഏത് ക്ലബ്ബിലേക്ക്‌ പോകും എന്നതിന് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.

ജർമ്മൻ ക്ലബ്ബിന്റെ ആക്രമണത്തിൽ ഇരുവരും ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞതോടെയാണ് ആരാധകർ ഈ സഖ്യത്തിന് ‘റോബറി’ എന്ന പേരിട്ടത്. 2007 ൽ ഫ്രഞ്ച് ക്ലബ്ബ് മാർസെയിൽ നിന്നാണ് റിബറി ബയേണിൽ എത്തുന്നത്. പിന്നീടുള്ള 12 വർഷത്തിൽ 9 ലീഗ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ബുണ്ടസ് ലീഗ ചരിത്രത്തിൽ വേറെ ഒരു കളിക്കാരനും അവകാശപ്പെടാനില്ലാത്ത റെക്കോർഡാണ് ഇത്. കൂടാതെ 5 ഡി എഫ് ബി പോകൽ കിരീടവും, ഒരു ചാമ്പ്യൻസ് ലീഗും,1 യുവേഫ സൂപ്പർ കപ്പും, ഒരു ക്ലബ്ബ് ലോക കപ്പും, 1 ഡി എഫ് എൽ സൂപ്പർ കപ്പും താരം സ്വന്തതമാക്കി. 273 ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ച താരം 86 ഗോളുകളും ക്ലബ്ബിനായി നേടി.

2009 ൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിൽ നിന്നാണ് റോബൻ ബയേണിൽ എത്തുന്നത്. ക്ലബ്ബിനോപ്പം 8 ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ റോബൻ 4 ഡി എഫ് ബി പോകൽ, 3 ഡി എഫ് എൽ സൂപ്പർ കപ്പ്, 1 ചാമ്പ്യൻസ് ലീഗ്, 1 സൂപ്പർ കപ്പ് എന്നിവയും സ്വന്തമാക്കിയാണ് ജർമ്മാനിയോട് വിട പറയുന്നത്. എത്ര കേമനായ പ്രതിരോധ താരത്തെയും മറികടക്കാനുള്ള കഴിവ് ഉള്ള താരത്തിന്റെ ട്രേഡ് മാർക്ക് കട്ട് ഇൻസൈഡ് ഗോളുകളും ഇനി ബയെൺ ആരാധകർക്ക് നഷ്ടമാകും.

ഇരുവരും കളം വിടുമ്പോൾ പകരക്കാരനായി 2 പുതിയ വിങ്ങർമാരെ കണ്ടെത്തുക എന്നത് ബയേണിന് എളുപ്പമാക്കില്ല. ബുണ്ടസ് ലീഗെയിൽ ഇത്തവണ ഡോർട്ട്മുണ്ടിന്റെ ശക്തമായ പോരാട്ടം അവസാന ദിവസം വരെ നീണ്ടെങ്കിലും കിരീടം അവർ സ്വന്തമാക്കി. പക്ഷെ യുവ താരങ്ങളെ ടീമിൽ എത്തിച്ച ഡോർട്ട്മുണ്ടിനെ അടുത്ത സീസണിലും മറികടക്കണമെങ്കിൽ ‘റോബറി’ സഖ്യത്തിന് മികച്ച പകരക്കാർ എത്തേണ്ടത് അനിവാര്യമാണ്.