ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനെ തകർത്ത് ലെപ്‌സിഗ് രണ്ടാമത്

ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആർബി ലെപ്‌സിഗ് പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി 26 പോയിന്റുമായി ബയേണിന് പിറകിലായി ലെപ്‌സിഗ് രണ്ടാം സ്ഥാനത്തേക്കുയർന്നു. ലെപ്‌സിഗിന് വേണ്ടി നാബി കീറ്റയും ബെർണാഡോയുമാണ് ഗോളടിച്ചത്. ഇതോടു കൂടി ഈ സീസണിൽ 20 മത്സരങ്ങൾ 37 ഗോളുകൾ ലെപ്‌സിഗ് അടിച്ചു കൂട്ടി. ഇത്തവണയും വെർഡർ ബ്രെമനെതിരെ ഗോളടിക്കാൻ ടിമോ വെർണർക്ക് സാധിച്ചില്ല.

ഇരു ടീമുകളും തകർപ്പൻ വിജയങ്ങൾക്ക് ശേഷമാണ് കളിക്കളത്തിൽ ഇറങ്ങിയത്. ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണോക്കോയെ ൪-൧ ചാമ്പ്യൻസ് ലീഗിൽ തകർത്താണ് ലെപ്‌സിഗ് വെർഡർ ബ്രെമനെതിരെ ഇറങ്ങിയത്. ബുണ്ടസ് ലീഗയിൽ കഴിഞ്ഞ ആഴ്ച ഹന്നോവറിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് വെർഡർ ബ്രെമൻ പരാജയപ്പെടുത്തിയത്. 34 ആം മിനുട്ടിൽ നാബി കീറ്റയിലൂടെ ലെപ്‌സിഗ് ആദ്യ ഗോൾ നേടിയത്. എന്നാൽ വിട്ട് കൊടുക്കാൻ ബ്രെമൻ തയ്യാറായിരുന്നില്ല. രണ്ടാം ഗോൾ ബെർണാഡോ നേടുന്നത് കളിയവസാനിക്കാൻ ഏതാനം മിനുട്ട് ബാക്കി നിൽക്കെയാണ്. ഡോർട്ട്മുണ്ട് – ഷാൽക്കെ മത്സരം സമനിലയിൽ പിരിഞ്ഞത് കൊണ്ട് ഷാൽകെയെ രണ്ടു പോയന്റുകൾക്ക് പിറകിൽ ആക്കിക്കൊണ്ട് ലെപ്‌സിഗ് ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനം എത്തിപ്പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial