രണ്ടാം മത്സരത്തിൽ വമ്പൻ ജയവുമായി ആർ.ബി ലെപ്സിഗ്

20210821 020757

ആദ്യ മത്സരത്തിൽ നേരിട്ട അപ്രതീക്ഷിത തോൽവിയിൽ നിന്നു തിരിച്ചു വന്നു ആർ.ബി ലെപ്സിഗ്. രണ്ടാം മത്സരത്തിൽ വമ്പൻ ജയം ആണ് ലെപ്സിഗ് നേടിയത്. സ്റ്റുഗാഡിനു എതിരെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ലെപ്സിഗ് ജയം കണ്ടത്. ഹംഗേറിയൻ താരം ഡൊമിനിക് സോബോസലൈ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എമിൽ ഫോഴ്സ്ബർഗ്, ആന്ദ്ര സിൽവ എന്നിവർ ആണ് ലെപ്സിഗിന്റെ മറ്റു ഗോളുകൾ നേടിയത്. ലെപ്സിഗിനായി മുഴുനീള മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഡൊമനിക് മത്സരം അവിസ്മരണീയമാക്കി.

38 മിനിറ്റിൽ ഡൊമിനിക് മികച്ച ഷോട്ടിലൂടെ ലെപ്സിഗിനായുള്ള തന്റെ ആദ്യ ഗോൾ കണ്ടത്തിയപ്പോൾ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ആന്ദ്ര സിൽവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം ഫോഴ്സ്ബർഗ് ലെപ്സിഗിന് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് 51 മിനിറ്റിൽ അവിശ്വസനീയമായ രീതിയിൽ ഫ്രീകിക്ക് വലയിൽ എത്തിച്ച ഡൊമിനിക് തന്റെ രണ്ടാം ഗോൾ നേടി ലെപ്സിഗിന് മൂന്നാം ഗോൾ സമ്മാനിച്ചു. 65 മിനിറ്റിൽ ഹാന്റ് ബോൾ കാരണം ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പോർച്ചുഗീസ് താരം ആന്ദ്ര സിൽവയാണ് ലെപ്സിഗിന്റെ അവസാന ഗോൾ സമ്മാനിച്ചത്. പുതിയ പരിശീലകൻ ജെസെ മാർഷിന് കീഴിൽ മികച്ച ആക്രമണ ഫുട്‌ബോൾ തന്നെയാണ് ലെപ്സിഗ് കളിക്കുക എന്ന സൂചന തന്നെയാണ് മത്സരം നൽകിയത്.

Previous articleആരോൺ റാംസ്ഡെൽ ഇനി ആഴ്സണൽ താരം
Next articleനെയ്മറും മെസ്സിയും ഇല്ലാതിരുന്നിട്ടും വിജയം തുടർന്ന് പി എസ് ജി, എമ്പപ്പെക്ക് ആദ്യ ഗോൾ