ഏഴു മത്സരങ്ങൾക്ക് ശേഷം കോച്ചിനെ പുറത്താക്കി ഹാംബർഗ്

ബുണ്ടസ് ലീഗ ക്ലബ്ബായ ഹാംബർഗ് എസ്‌വിയുടെ കോച്ചായിരുന്ന ഹൊള്ളർബാക്കിനെ ക്ലബ്ബ് പുറത്താക്കി. വെറും ഏഴു മത്സരങ്ങൾക്ക് ശേഷമാണ് ഹൊള്ളർബാക്ക് ക്ലബ്ബിനോട് വിടപറയുന്നത്. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റ ഏകപക്ഷീയമായ ആറ് ഗോൾ പരാജയമാണ് പെട്ടന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്നറിയുന്നു. ബുണ്ടസ് ലീഗയിൽ നിന്നും തരാം താഴ്ത്തൽ ഉറപ്പായതിനെ തുടർന്ന് ഹാംബർഗർ എസ്‌വി ക്ലബ് ചെയർമാനെയും സ്പോർട്ടിങ് ഡയറക്റ്ററേയും ദിവസങ്ങൾക്ക് മുൻപ് പുറത്താക്കിയിരുന്നു. 55 വർഷത്തെ ബുണ്ടസ് ലീഗ ചരിത്രത്തിൽ ഇതുവരെ തരാം താഴ്ത്തപ്പെടാത്ത ഏക ടീമാണ് ഹാംബർഗ് എസ്‌വി.

നിലവിൽ പതിനെട്ടു പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് ഹാംബർഗ്. പുറത്തക്കപ്പെട്ട മറ്റൊരു കോച്ച് മാർക്കസ് ഗിസ്‌ടോളിന് പകരമായാണ് ഹൊള്ളർബാക്ക് ചുമതലയേറ്റത്. 48 കാരനായ ഹൊള്ളർബാക്ക് മുൻ ഹാംബർഗ് എസ്‌വി താരം കൂടിയാണ്. 200 മത്സരങ്ങൾ ഹാംബർഗിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. റിസേർവ് ടീമിന്റെ കോച്ചായ ക്രിസ്റ്റിയൻ റ്റീഷിനാണ് ഈ സീസണിന്റെ അവസാനം വരെ താൽക്കാലിക ചുമതല ക്ലബ്ബ് നൽകിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial