ഡോർട്ട്മുണ്ടിനോട് വിട പറഞ്ഞു മരിയോ ഗോട്സെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് വിട പറഞ്ഞു മരിയോ ഗോട്സെ. 2014 ലോകകപ്പിൽ ജർമനിക്ക് ലോക കിരീടം നേടി കൊടുത്ത ഗോൾ നേടിയ ഗോട്സെ സമീപകാലത്ത് തന്റെ പ്രതാപകാലത്തെ മികവ് പുറത്ത് എടുക്കാൻ പറ്റാതെ ബുദ്ധിമുട്ടുക ആയിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിലൂടെ വളർന്ന അദ്ദേഹം 2009 തിൽ ആണ് ബൊറൂസിയക്ക് ആയി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ക്ലോപ്പിന് കീഴിൽ 2 ബുണ്ടസ് ലീഗ കിരീടവും ഒരു ജർമ്മൻ കപ്പും ഉയർത്തിയ താരം 2013 ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും അവർക്ക് ആയി ബൂട്ട് കെട്ടി.

2013 വരെ 83 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ ആണ് ഗോട്സെ ഈ കാലയളവിൽ നേടിയത്. തുടർന്ന് 2013 ൽ 37 മില്യൻ തുകക്ക് വലിയ വിവാദം ഉയർത്തി ഗോട്സെ ബയേണിലേക്ക് കൂറ് മാറി. എന്നാൽ ബയേണിൽ പഴയ മികവ് പുറത്ത് എടുക്കാൻ താരത്തിന് ആയില്ല. ബയേണിനു ആയി തുടർച്ചയായ 3 കൊല്ലം ലീഗ് കിരീടം ഉയർത്തിയ താരം 2 ജർമ്മൻ കപ്പും, യുഫേഫ സൂപ്പർ കപ്പും, ക്ലബ് ലോകകപ്പും ബയേണിന് ആയി നേടി. 73 കളികളിൽ 22 ഗോളുകൾ ബയേണിനായി ഈ കാലത്ത് ഗോട്സെ നേടി. 2016 ൽ വീണ്ടും തന്റെ പഴയ ക്ലബിലേക്ക് തിരിച്ചു വന്ന ഗോട്സെ പക്ഷെ ഡോർട്ട്മുണ്ടിൽ പഴയ ഫോമിന്റെ നിഴലിൽ ആയിരുന്നു.

2017 ൽ ജർമ്മൻ കപ്പ് ഒരിക്കൽ കൂടി ഡോർട്ട്മുണ്ടിൽ ഗോട്സെ ഉയർത്തി എങ്കിലും പലപ്പോഴും പകരക്കാരന്റെ സ്ഥാനത്ത് ഒതുങ്ങാൻ ആയിരുന്നു ഗോട്സെയുടെ വിധി. രണ്ടാം വരവിൽ 75 കളികളിൽ 13 ഗോളുകൾ മാത്രം ആയിരുന്നു താരത്തിന്റെ സമ്പാദ്യം. ഇടക്ക് കരിയറിൽ നേരിട്ട വലിയ പരിക്കുകളും താരത്തിന് വലിയ തിരിച്ചടി ആയി. ജർമ്മനിക്ക് ആയി 63 കളികളിൽ 17 ഗോളുകൾ ആണ് ഗോട്സെ കരിയറിൽ അടിച്ചത്. കരിയറിലെ തുടക്കത്തിലെ മികവ് തുടരാൻ ആയില്ല എന്ന വിമർശനം ആണ് 28 കാരൻ ആയ ഗോട്സെ നേരിടുന്ന പ്രധാന വിമർശനം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനൊപ്പം സമയം ചിലവഴിക്കേണ്ടി വന്നതിനാൽ അവസാന മത്സരത്തിൽ കളിക്കാൻ ആവാത്ത ഗോട്സെക്ക് ഡോർട്ട്മുണ്ട് നന്ദി പറഞ്ഞു യാത്രയയപ്പ്‌ നൽകി. ഇനി ഗോട്സെയുടെ ഭാവി എന്ത് ആവുമെന്ന് കണ്ടറിയാം.