വെർഡർ ബ്രെമനെ സമനിലയിൽ തളച്ച് ഈഗിൾസ്

സ്വപ്നതുല്ല്യമായ തിരിച്ചുവരവാണ് ഫ്രാങ്ക്ഫർട്ട് ഇന്നലെ നടത്തിയത്. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ഫ്രാങ്ക്ഫർട്ട് രണ്ടാം പകുതിയിൽ 2 ഗോളുകൾ അടിച്ച് സമനില പിടിച്ചു. തുടർച്ചയായ എഴാം വിജയം വേർഡർ ബ്രെമന് നിഷേധിച്ച ഈഗിൾസ് എഴാം സ്ഥാനമുറപ്പിച്ചു.

ഹോം ഗ്രൗണ്ടായ കൊമേഴ്സ് ബാങ്ക് അറീനയിൽ അക്രമിച്ചാണ് ഫ്രാങ്ക്ഫർട്ട് കളിയാരംഭിച്ചത്. ബ്രാമിനിർ ഹെർഗോട്ടയും ഡേവിഡ് അബ്രഹാമും ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഗോൾ അകന്നുനിന്നു. ആദ്യ പകുതിയിൽ ലീഡുയർത്താനുള്ള അവസരം ഫ്രാങ്ക്ഫർട്ടിന് ലഭിച്ചതായിരുന്നു. ആദ്യം മിജാക്ക് കാസിനോവിക്കും പിന്നീട് എഗ്ഗ്‌സ്റ്റെയിനും ഗോളിനായി ശ്രമിച്ചു. പരാജയമായിരുന്നു ഫലം. ഈഗിൾസ്‌ കോച്ച് നിക്കോ കോവാക്കിന്റെ തന്ത്രങ്ങളെല്ലാം പാളുന്നതായിരുന്നു പിന്നീട് കണ്ടത്. ആദ്യ പകുതിയിൽ ആറുമിനുട്ടിനകം രണ്ടു ഗോളുകൾ ഫ്രാങ്ക്ഫർട്ട് വഴങ്ങി. ആദ്യം 36ആം മിനുട്ടിൽ ജെനുസിവിക്കിന്റെ ക്ളോസ് റെയിഞ്ചിലുള്ള ഷോട്ടിൽ ബ്രെമെൻ ഗോൾ നേടി. ആറു മിനിട്ടുകൾക്ക് ശേഷം  മാക്സ് ക്രൂസിന്റെ അസിസ്റ്റിൽ ബാർട്ടൽസ്‌ രണ്ടാം ഗോൾ നേടി. ആദ്യപകുതിയിൽ രണ്ടു ഗോൾ വഴങ്ങി വെർഡർ ബ്രെമനോട് തോൽവി ഏറ്റു വാങ്ങി എന്ന് കരുതിയ ഇടത്തു നിന്നും ഈഗിൾസ് തുടങ്ങി. ഇതുവരെ കാണാത്ത പുത്തൻ ഉണർവോടെ കളിക്കളം നിറഞ്ഞു കളിച്ച ഫ്രാങ്ക് ഫർട്ടിന് ഉടൻതന്നെ ഫലം കണ്ടെത്താനായി. 47ആം മിനുട്ടിൽ ഡേവിഡ് അബ്രഹാമിന്റെ ഹെഡ്ഡർ ഗാസിനോവിക്ക് ഗോൾ ആക്കിമാറ്റി. പന്തിന്റെ ആധിപത്യം സ്വന്തമാക്കിയ ഫ്രാങ്ക്ഫർട്ട് സമനില പിടിക്കാനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഹെർഗോട്ടയെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച സ്പോട് കിക്ക് മാർക്കോ ഫാബിയൻ ഗോൾ ആക്കി മാറ്റി. അവസാന നിമിഷങ്ങളിൽ വിജയത്തിനായി ഇരു ടീമുകളും പൊരുതി. മാക്സ് ക്രൂസ് ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമനിലയോടെ പോയന്റുകൾ വീതിച്ചു എയിൻട്രാക്ട് ഫ്രാങ്ക്ഫർട്ടും വെർഡർ ബ്രെമെനും പിരിഞ്ഞു.

ഇന്ന് ബുണ്ടസ് ലീഗയിൽ ഹൊഫെൻഹെയിം ഹാംബർഗിനെയും ഷാൽകെ വോൾഫ്‌സിനെയും നേരിടും. റൈൻ ഡെർബിയിൽ കൊളോൻ ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ നേരിടും. ലിപ്സിഗ് ബയേർ ലെവർകൂസനെയും മെയിൻസ് ഫ്രേയ്ബെർഗിനെയും നേരിടും. ജർമ്മൻ ക്‌ളാസിക്കോയിൽ ഇന്ന് കടുത്ത എതിരാളികളായ ബൊറൂസിയ ഡോർട്ട്മുണ്ടും നിലവിലെ ബുണ്ടസ്‌ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും.

 

Previous articleലാ ലീഗയിൽ ബാഴ്സക്ക് മലാഗ കടമ്പ
Next articleകറുത്ത കുതിരകളാകാൻ സാറ്റ്