ജർമ്മൻ ക്ലാസിക്കോയിലും ബയേൺ, ഡോർട്ട്മുണ്ടിനെ വീഴ്ത്തി ലീഗിൽ ഒന്നാമത്

Img 20201108 010539
- Advertisement -

ഈ സീസണിലെ ആദ്യ ജർമ്മൻ ക്ലാസിക്കോയിൽ ജയിച്ച് കയറി ബയേൺ മ്യൂണിക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്താനും ബയേണിന് സാധിച്ചു. മത്സരത്തിൽ ബയേണിന് വേണ്ടി അലാബയും ലെവൻഡോസ്കിയും ലെറോയ് സാനെയും ഗോളടിച്ചപ്പോൾ ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ക്യാപ്റ്റൻ മാർക്കോ റിയൂസും എർലിംഗ് ഹാളണ്ടും സ്കോർ ചെയ്തു.

എതൊരു ദെർ ക്ലാസിക്കറിനെയും പോലെ ആദ്യമുതൽ തന്നെ ഇരു ടീമുകളും അക്രമിച്ച് തന്നെയാണ് തുടങ്ങിയത്. ബയേണും ഡോർട്ട്മുണ്ടും തുടരെ തുടരെ അക്രമണങ്ങൾ അഴിച്ചു വിട്ടു. ഗ്നാബ്രി നൽകിയ പന്ത് ഡോർട്ട്മുണ്ടിന്റെ വലയിൽ ലെവൻഡോസ്കി ആദ്യമെത്തിച്ചു. എന്നാൽ VAR ന്റെ ഇടപെടൽ കാരണം ഗോൾ അനുവദിച്ചില്ല‌. പിന്നീട് മാർക്കോ റിയൂസിലൂടെ ഡോർട്ട്മുണ്ട് നുയറിനെ മറികടന്ന് ക്ലാസിക്കോയിലെ ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ട്രെയിനിംഗ് ഗ്രൗണ്ടിലെ ഫ്രീ കിക്ക് തന്ത്രങ്ങൾ പുനരാവിഷ്കരിച്ച് അലാബ സമനില പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക്കാസ് ഹെർണാണ്ടസിന്റെ പന്ത് ഹെഡ് ചെയ്ത് ലെവൻഡോസ്കി ലീഡ് നേടി. പിന്നീട് ലെറോയ് സാനെയിലൂടെ ബയേൺ ലീഡ് ഉയർത്തിയെങ്കിലും ഡോർട്ട്മുണ്ടിന്റെ രണ്ടാം ഗോൾ ഹാളണ്ട് നേടി. റിയൂസിന്റെ മറ്റ് ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല ലെവൻഡോസ്കി വീണ്ടും വാറിന്റെ ഇരയാവുകയും ചെയ്തു. ആദ്യ പകുതിയിൽ പരിക്കേറ്റ് യോഷ്വാ കിമ്മിഷ് കളം വിട്ടത് ബയേണിൻ വലിയ തിരിച്ചടിയാണ്.

Advertisement