ഇരട്ട ഗോളുകളുമായി ഹാളണ്ട്, ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് മയിൻസിനെ പരാജയപ്പെടുത്തിയത്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ എർലിംഗ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്യാപ്റ്റൻ റിയൂസും ഗോളടിച്ചു. മയിൻസിന്റെ ആശ്വാസ ഗോളടിച്ചത് ലീയുടെ അസിസ്റ്റിൽ ബുർകഡ്റ്റാണ്. ഈ ജയത്തോടു കൂടി ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ക്യാപ്റ്റൻ റിയൂസിന്റെ വെടിക്കെട്ട് ഷോട്ടിൽ ഡോർട്ട്മുണ്ട് ഗോളടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ഹാളണ്ട് ലീഡുയർത്തി. 87ആം മിനുട്ടിൽ മയിൻസിന്റെ ആശ്വാസ ഗോൾ പിറന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ എർലിംഗ് ഹാളണ്ടിന്റെ ഗോളിൽ 3-1ന് ബൊറുസിയ ഡോർട്ട്മുണ്ട് ജയം നേടി. 49 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയത്.