ബുണ്ടസ് ലീഗയിൽ ബയേണിന് വിജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. ബയേണിന് വേണ്ടി അർടുറോ വിദാലാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി 35 പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തതാണ് ബയേൺ മ്യൂണിക്ക്.

സ്റ്റാർ സ്‌ട്രൈക്കർ ലെവൻഡോസ്‌കി ഇല്ലാതെയാണ് ബയേൺ കൊമേഴ്‌സ്ബാങ്ക് അരീനയിൽ ഇറങ്ങിയത്. ലെവൻഡോസ്‌കിക്ക് പകരം തോമസ് മുള്ളർ സ്റ്റാർട്ട് ചെയ്തു. റഫീഞ്യായും ഹാവി മാർട്ടിനെസ്സും കളത്തിലിറങ്ങിയപ്പോൾ കൊറെന്റിന് ടോളിസോ പുറത്തിരുന്നു. ബോട്ടെങ് സഹോദരങ്ങൾ നേർക്ക് നേർ ഇറങ്ങിയ മത്സരമാണിന്നത്തേത്. ജെറോം ബോട്ടെങ് ബയേണിന് വേണ്ടിയും കെവിൻ പ്രിൻസ് ബോട്ടെങ് ഫ്രാങ്ക്ഫർട്ടിന് വേണ്ടിയുമിറങ്ങി. മാനുവൽ ന്യൂയറിന് പിന്നാലെ സ്വേൻ ഉൾറിച്ചും പരിക്കിന്റെ പിടിയിലായപ്പോൾ 36 കാരനായ ടോം സ്റ്റാർക്കെ ബയേൺ മ്യൂണിക്കിന്റെ വലകാക്കാനിറങ്ങി. ബയേൺ അക്കാദമിയിൽ കോച്ചായി സേവനമനുഷ്ഠിക്കുന്ന സ്റ്റാർക്കെയുടെ നൂറാം ബുണ്ടസ് ലീഗ മത്സരമാണിത്. ഇരു ടീമുകളും ആക്രമിച്ച് തുടങ്ങിയെങ്കിലും ആദ്യം ലക്ഷ്യം കണ്ടത് ബയേൺ ആയിരുന്നു. ജോഷ്വ കിമ്മിഷിന്റെ തകർപ്പൻ ഒരു ക്രോസ്സ് ഹെഡ്ഡ് ചെയ്ത വിദാൽ ലക്ഷ്യം കണ്ടു. 19 ആം മിനുട്ടിൽ ബയേൺ ലീഡ് നേടി.

രണ്ടാം പകുതിയിൽ കൂടുതൽ ഫിസിക്കളയൊരു മത്സരമാണ് കണ്ടത്. സമനിലയ്ക്കായി ഫ്രാങ്ക്ഫർട്ട് പൊരുതുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ആധിപത്യം രണ്ടാം പകുതിയിൽ ബയേണിനില്ല. തലനാരിഴയ്ക്കാണ് ചുവപ്പ് കാർഡ് കാണാതെ വിദാൽ രക്ഷപ്പെട്ടത്. വിടലിനു പകരം ടോളിസോയെ യപ്പ് ഹൈങ്കിസ് കളത്തിലിറക്കി. ലെവൻഡോസ്‌കിയുടെ കുറവ് ബയേണിന്റെ ആക്രമണങ്ങളിൽ പ്രതിഫലിച്ചിരുന്നു. ഫ്രാങ്ക്ഫർട്ടിന്റെ വോൾഫ് ചുവപ്പ് കാർഡ് കണ്ടെങ്കിലും VAR ന്റെ ഇടപെടലിലൂടെ മഞ്ഞക്കാർഡായി ചുരുങ്ങി. നിക്‌ളാസ് സുലെയുടെ തകർപ്പൻ പ്രകടനം ബയേണിനെ സമനിലയിൽ നിന്നും രക്ഷിച്ചു. ഏഴു മിനുട്ട് ബാക്കി നിൽക്കെ ലെവൻഡോസ്‌കിയെ ഹൈങ്കിസ് കളത്തിലിറക്കി. അവസാനം വരെ പൊരുതിയെങ്കിലും ഫ്രാങ്ക്ഫർട്ടിന് സമനില നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement