ഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്ക്

Img 20210130 220313

ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തിയത്. ജെറോം ബോട്ടാങ്ങ്, റോബർട്ട് ലെവൻഡോസ്കി, തോമസ് മുള്ളർ, സെർജ് ഗ്നാബ്രി എന്നിവരാണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോൾ കണ്ടെത്തിയത്. ഹോഫെൻഹെയിമിന്റെ ആശ്വാസ ഗോൾ നേടിയത് ക്രമാറികാണ്.

2020ൽ ബയേൺ മ്യൂണിക്ക് ഏക പരാജയം ഏറ്റുവാങ്ങിയത് ഹോഫെൻഹെയിമിനോടായിരുന്നു. അത് നാല് ഗോൾ ജയത്തിൽ മറുപടി നൽകാൻ ബയേണിനായി. കളിയുടെ തുടക്കത്തിൽ തന്നെ ബയേൺ പ്രതിരോധം ഭേദിച്ച് ഹോഫെൻഹെയിമിന്റെ അക്രമണ നിര കുതിച്ചെങ്കിലും ക്യാപ്റ്റൻ മാനുവൽ നുയറെന്ന വന്മതിൽ അവർക്ക് തടസമായി. ആന്ദ്രെ ക്രമാറികും സംഘവും ബയേൺ പ്രതിരോധത്തെ ഭേദിക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. എങ്കിലും കിമ്മിഷിന്റെ കോർണർ ഗോളാക്കി മാറ്റി ജെറോം ബോട്ടാങ്ങ് ബയേണിന് ലീഡ് നൽകി. ഒരു ഡിഫ്ലെക്ഷന്റെ സഹായത്തോടെ മുള്ളർ ലീഡ് രണ്ടായി ഉയർത്തുകയും ചെയ്തു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ക്രമാറിചിലൂടെ ഹോഫെൻഹെയിം തിരിച്ചടിക്കുകയും ചെയ്തു. 200 ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡ് നേട്ടത്തിനായി മാനുവൽ നുയറിന് കാത്തിരിക്കേണ്ടി വരും.

രണ്ടാം പകുതിയിൽ ഈ സീസണിലെ 24ആം ലെവൻഡോസ്കി ഗോളിനായി കിംഗ്സ്ലി കോമൻ വഴിയൊരുക്കി. ഒടുവിൽ തന്റെ പഴയ ക്ലബ്ബിനെതിരെ സെർജ് ഗ്രാബ്രി ബയേണിന്റെ നാലാം ഗോളടിക്കുകയും ചെയ്തു. ഈ ഗോളിന് വഴിയിരുക്കിയതും കോമനാണ്. കളിയുടെ അവസാന ഘട്ടത്തിൽ മാനുവൽ നുയറിന്റെ മികച്ച സേവും ബുണ്ടസ് ലീഗ ആരാധകർക്ക് കാണാൻ സാധിച്ചു. നിലവിൽ 10 പോയന്റ് ലീഡുമായി കിരീടത്തിലേക്ക് വീണ്ടും കുതിക്കുകയാണ് ബയേൺ മ്യൂണിക്ക്.

Previous articleടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി അജിങ്കെ രഹാനെയും പൂജാരയും
Next articleഡബിൾ അടിച്ച് വിൽസൺ, ന്യൂ കാസിലിനോട് തോറ്റ് എവർട്ടൺ