ജർമ്മനിയിൽ ബയേൺ മ്യൂണിക്കിന്റെ ആറാട്ട് ‍!

Img 20210509 001138
- Advertisement -

ജർമ്മനിയിൽ ബയേൺ മ്യൂണിക്കിന്റെ ആറാട്ട്. കളി തുടങ്ങും മുൻപ് തന്നെ തുടർച്ചയായ ഒൻപതാം കിരീടം നേടിയ ബയേൺ മ്യൂണിക്ക് കളിക്കളത്തിൽ ഗോൾ മഴ പെയ്യിച്ചാണ് കളിയവസാനിപ്പിച്ചത്. എതിരില്ലാത്ത ആറ് ഗോളിനാണ് ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്കി ഹാട്രിക്ക് നേടിയപ്പോൾ മുള്ളർ, കോമൻ, സാനെ എന്നിവരാണ് ഗോളടിച്ചത്. കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ലെവൻഡോസ്കി ഗോളിലൂടെ ബയേൺ ഗോൾ വേട്ട ആരംഭിച്ചു. പിന്നാലെ മുള്ളറും രണ്ടാം ലെവൻഡോസ്കി ഗോളും കോമനും സ്കോർ ചെയ്തപ്പോൾ ആദ്യ പകുതിയിൽ നാല് ഗോളിന്റെ ലീഡ് ബയേൺ നേടി.

അതേ സമയം 75 ആം മിനുട്ടിൽ ബയേണിന്റെ നിയാൻസു ചുവപ്പ് കാർഡ് വാങ്ങി പുറത്തായി. എന്നാൽ 10 പേരുമായി കളിച്ചിട്ടും ബയേൺ ആറ് ഗോളുകൾ അടിച്ച് കളി അവസാനിപ്പിച്ചു. ബയേണിന്റെ തുടർച്ചയായ ഒമ്പതാം ബുണ്ടസ് ലീഗ കിരീടമാണ് ഇത്. ബയേൺ മ്യൂണിക്ക് വിടാൻ ഒരുങ്ങുന്ന പരിശീലകൻ ഹാൻസി ഫ്ലിക്കിന് ഇത് ഒരു വർഷത്തിനിടയിലെ ഏഴാം കിരീടമാണ്.2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 31ആം ജർമ്മൻ ലീഗ് കിരീടമാണിത്.

Advertisement