വമ്പൻ തിരിച്ചു വരവ് നടത്തി ബുണ്ടസ് ലീഗയിൽ ഒന്നാമതായി ബൊറൂസിയ ഡോർട്ട്മുണ്ട്

സമീപ കാലത്തെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി ബൊറൂസിയ ഡോർട്ട്മുണ്ട് വിജയം പിടിച്ചെടുത്തു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതായിമാറി ബൊറൂസിയ ഡോർട്ട്മുണ്ട്. ആറ് മത്സരങ്ങളിൽ നാലും ജയിച്ച് പതിനാലു പോയിന്റുമായി ചാമ്പ്യന്മാരായ ബയേണിനും മുകളിലാണ് ബൊറുസിയയുടെ സ്ഥാനം.

മിച്ചൽ വൈസറും, ജോനാഥൻ ടായും ബയേർ ലെവർകൂസൻറെ ഗോളുകൾ നേടിയപ്പോൾ ഇരട്ട ഗോളുകളുമായി മുൻ ബാഴ്‌സ താരം പാക്കോ ആൾക്കസർ ഡോർട്ട്മുണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു. ലാർസനും ക്യാപ്റ്റൻ മാർക്കോ റിയൂസുമാണ് മറ്റു ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ഡോർട്ട്മുണ്ട് രണ്ടാം പകുതിയിലാണ് നാല് ഗോളുകളും നേടിയത്.

ഏഴു ഗോളിന് ന്യൂറംബർഗിനെ തകർത്ത് ബയേറിനെതിരെ ഇറങ്ങിയ ഡോർട്ട്മുണ്ടിന് ആദ്യമേ പിഴച്ചു. ഒൻപതാം മിനുട്ടിൽ വൈസറും 39 ആം മിനുട്ടിൽ ടായും ഗോളടിച്ചു. രണ്ടാം പകുതിയിൽ മത്സരം ഡോർട്ട്മുണ്ടിന്റെ വരുതിയിലായി. ഇഞ്ചുറി ടൈമിലാണ് ആൽക്കസർ ഡോർട്ട്മുണ്ടിന്റെ നാലാം ഗോൾ നേടിയത്.

Exit mobile version