ജർമ്മൻ ക്ലാസിക്കോയിൽ ബയേണിന് വിജയം

ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിന് വിജയം. സിഗ്നൽ ഇടൂന്ന പാർക്കിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി 11 മത്സരങ്ങളിൽ 26 പോയിന്റുമായി ബയേൺ മ്യൂണിക്ക് ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തേക്കെത്തി. ബയേണിന് വേണ്ടി റോബനും ലെവൻഡോസ്‌കിയും അലാബയും ഗോളടിച്ചപ്പോൾ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടിയത് മാർക്ക് ബർട്രയാണ്. ബയേണിന്റെ തുടർച്ചയായ. നാലാം വിജയമാണിത്.

തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ലീഗുയർത്താൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകളെ ആണ് ബവേറിയന്മാർ പരാജയപ്പെടുത്തിയത്. ലെപ്‌സിഗിന്റെ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഇത്തവണ ഊഴം ഡോർട്ട്മുണ്ടിന്റെ ആയിരുന്നു. യപ്പ് ഹൈങ്കിസിന്റെ തുടർച്ചയായ നാലാം വിജയം. സമീപകാലത്തതൊന്നും ബയേൺ മ്യൂണിക്ക് ഇത്ര മനോഹരമായി കളിച്ചിട്ടില്ല. ഒരു പോലെ ആക്രമിക്കാനും അതിലുപരി പ്രതിരോധിക്കാനും ബയേണിന് സാധിച്ചു. പതിനാറാം മിനുട്ടിൽ അർജെൻ റോബനിലൂടെ ബയേൺ മ്യൂണിക്ക് ലീഡുനേടി. കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗ്രസിന്റെ പാസ് റോബിൻ തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കിമാറ്റി. ഇതോടു കൂടി ബയേണിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന വിദേശ താരമായി റോബൻ മാറി. ആദ്യം അക്രമിക്കണോ പ്രതിരോധിക്കാനോ എന്ന് അറിയാതെ പകച്ചു നിന്ന ഡോർട്ട്മുണ്ട് പിന്നീട് കളിയിലേക്ക് ഡോർട്ട്മുണ്ട് തിരിച്ചു വന്നു. പുളിസിക്കും ഒബാമയങ്ങും ഡോർട്ട്മുണ്ടിന്റെ ആക്രമണം നയിച്ചു. യെർമാലങ്കോയ്ക്ക് ലഭിച്ച സുവർണാവസരം ഗോളാക്കുവാൻ സാധിച്ചില്ല. ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഷിൻജി കഗവയുടെ ഷോട്ട് പുറത്തേക്ക് പോയി. ഡോർട്ട്മുണ്ടിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ലെവൻഡോസ്‌കി ലീഡുയർത്തി. കിമ്മിഷിന്റെ പാസ് ലെവൻഡോസ്‌കി ബാക്ക് ഹീലുകൊണ്ട് തട്ടി ഗോളാക്കി മാറ്റി. അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ട ഡോർട്ട്മുണ്ട് ആദ്യ പകുതിയിൽ ഒരു ഗോളെങ്കിലും നേടാൻ കിണഞ്ഞു ശ്രമിച്ചു. പരാജയമായിരുന്നു ഫലം.

രണ്ടാം പകുതിയിൽ ഇരു ടീമുകളും അത്യാവേശത്തോടെ ആക്രമിച്ച് കൊണ്ടിരുന്നു . ഡോർട്ട്മുണ്ടിന്റെ പ്രതിരോധതാരങ്ങൾ എല്ലാം ബയേണിന്റെ ഹാഫിൽ കാണാം. മാർക്ക് ബർട്രായുൾപ്പടെ ബയേൺ ഗോളി ഉൾറിക്കിനെ പരീക്ഷിച്ചു. എന്നാൽ 67 ആം മിനുട്ടിൽ അലാബയുടെ തകർപ്പൻ ഷോട്ടിലൂടെ മൂന്നാം ഗോൾ ബയേൺ നേടി. ആദ്യം ലെവൻഡോസ്‌കിയുടെ ടച്ച് ഉണ്ടാകുമെന്ന് തോന്നിയെങ്കിലും ഒഫീഷ്യലി അലാബയുടേതായി ഗോൾ. കളിക്കിടയിൽ റഫറിക്ക് പരിക്കേറ്റത് ദേർ ക്ലാസ്സിക്കറിന്റെ അപൂർവ്വകാഴ്ചയായി. ഒടുവിൽ ആശ്വാസമായി മാർക്ക് ബർട്രായുടെ ഗോളെത്തി. സ്പാനിഷ് താരത്തിന്റെ കർലിംഗ് ഷോട്ട് മഞ്ഞപ്പടയെ ആവേശത്തിലാക്കി. കളിയവസാനിക്കുമ്പോൾ ബയേൺ വീണ്ടും കിരീടപ്പോരാട്ടത്തിൽ വീണ്ടും സ്ഥാനമുറപ്പിച്ചു. പെർഫെക്ട് ഒക്ടോബറിന് ശേഷം പെർഫെക്റ്റ് നവംബറിന് വേണ്ടി ഹൈങ്കിസും ബവേറിയന്മാരും തുടക്കമിട്ടു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏഷ്യാകപ്പ് യോഗ്യത; ഇന്ത്യൻ U19 ടീമിന് വമ്പൻ പരാജയം
Next articleഅൽകാസറിന് ഇരട്ട ഗോൾ, സെവിയ്യയും ബാഴ്സയ്ക്ക് മുന്നിൽ വീണു