റിവിയർ ഡെർബിയിൽ ഗോൾ മഴ, ഡോർട്ട്മുണ്ട് – ഷാൽകെ മത്സരം സമനിലയിൽ

- Advertisement -

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്തു. ജർമ്മനിയിലെ ഏറ്റവും പഴക്കമേറിയ ഡെർബികളിൽ ഒന്നായ റിവിയർ ഡെർബിയിൽ പിറന്നത് 8 ഗോളുകൾ. ആവേശോജ്വലമായ മത്സരത്തിൽ നാല് ഗോളുകൾ വീതമടിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽകെയും സമനിലപാലിച്ചു. ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് മുന്നിട്ടു നിന്ന ഡോർട്ട്മുണ്ടിനെ പിടിച്ച് കെട്ടാൻ ഷാൽകെയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ടു സൂപ്പർ താരം ഒബാമയാങ് പുറത്ത് പോയത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി. 013 നു ശേഷം ആദ്യമായാണ് ഡോർട്ട്മുണ്ട് ആദ്യ പകുതിയിൽ നാല് ഗോളുകൾ അടിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഒബാമയാങ് വീണ്ടും ഗോളടിക്കുന്നത് പീറ്റർ ബോഷിനു ആശ്വാസമാകും.

ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഡെർബിയിൽ അവിശ്വസനീയമായ തിരിച്ചു വരവാണ് ഷാൽകെ നടത്തിയത്. നാൾഡോയുടെ സ്റ്റോപ്പേജ് ടൈമിലെ ഹെഡ്ഡാറാണ് ഡോർട്ട്മുണ്ടിന്റെ വിജയ പ്രതീക്ഷകളെ തട്ടിമറിച്ചത്. ഈ സമനിലയോടു കൂടി കോച്ച് പീറ്റർ ബോഷിനു മേലുള്ള സമ്മർദം കുറേക്കൂടി ഏറിയിരിക്കുകയാണ്. ക്രിസ്ത്യൻ പുളിസിക്കിന്റെ 50 ആം ബുണ്ടസ് ലീഗ്‌ മത്സരത്തിൽ സ്‌കോർ ചെയ്യാൻ 12 മിനുട്ട് മാത്രമേ ഒബാമയങ്ങിനു വേണ്ടി വന്നുള്ളൂ. എന്നാൽ മിനിട്ടുകൾക്ക് ശേഷം നൂറി സാഹിന്റെ ഫ്രീ കിക്ക് തട്ടി അകറ്റിയ ബെഞ്ചമിൻ സ്റ്റാമ്പൊലിക്ക് പിഴച്ചു, സ്വന്തം വലയിലേക്കായിരുന്നു പന്ത് തട്ടി അകറ്റിയത്. അടുത്ത ഊഴം മാറിയോ ഗോട്സെയുടേതായിരുന്നു. 25 ആം മിനുട്ടിൽ റാഫേൽ ഗുരേരോയുടെ വോളിയിലൂടെ നാലാം ഗോളും ഡോർട്ട്മുണ്ട് നേടി. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. പിന്നീട് ഫുട്ബോൾ ആരാധകർ കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ റോയൽ ബ്ലൂസ് തിരിച്ചു വന്നു.

ലിയോൺ ഗോരേറ്റ്സ്ക ബെഞ്ചിൽ നിന്നും വന്നപ്പോൾ ഷാൽകെ ആക്രമിച്ച് തുടങ്ങിയിരുന്നു. നോൽഡയുടെ ഒരു ഗോൾ VAR അനുവദിച്ചുമില്ല. നാല് മിനുട്ട് വ്യത്യാസത്തിൽ ബർഗ്സ്റ്റല്ലേറുടെയും അമിൻ ഹാരിറ്റിന്റെയും വെടിച്ചില്ലു ഷോട്ടുകൾ ഡോർട്ട്മുണ്ടിന്റെ ലീഡ് പാതിയായി കുറച്ചു. ഒബാമയാങ് രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോയതിനെത്തുടർന്നു പ്രതിരോധത്തിലായ ഡോർട്ട്മുണ്ടിന്റെ വലയിൽ അഞ്ചു മിനുട്ട് ബാക്കി നിൽക്കെ ഡാനിയേൽ കലിഗുരി പന്ത് അടിച്ചു കയറ്റി. കാളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു റോയൽ ബ്ലൂസിന്റെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച നാൾഡോയുടെ തകർപ്പൻ ഷോട്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement