പരിക്കിന്റെ പിടിയിൽ ഡോർട്ട്മുണ്ട്

- Advertisement -

ജർമ്മൻ ചാമ്പ്യന്മാർക്ക് പരിക്ക് ഒരു തലവേദനയാകുകയാണ്. പ്രധാന താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാകുന്നത് ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പുതുതായി സ്ഥാനമേറ്റ കോച്ച് പീറ്റർ ബോഷിനെയും തെല്ലൊന്നുമല്ല അലട്ടുന്നത്. ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ചപ്പോൾ പല താരങ്ങളും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. സൂപ്പർ താരം മാർക്കോ റൂസ്, ജൂലിയൻ വീഗിൽ,റഫേൽ ഗുരേരോ എന്നിവർക്ക് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും. 33 അംഗ സ്ക്വാഡുമായി പീറ്റർ ബോഷ് പ്രീ സീസൺ പരിശീലനം ആരംഭിച്ചു.

പോർച്ചുഗീസ് താരം റാഫേൽ ഗുരേരോ പരിക്കിന്റെ പിടിയിലാണെന്ന ഇന്നലെയാണ് ക്ലബ് അധികൃതർ റിപ്പോർട്ട് ചെയ്തത്. 23 കാരനായ താരത്തിന് കോൺഫെഡറേഷൻ കപ്പിനിടയ്ക്കുണ്ടായ പരിക്കാണ് പ്രശ്നക്കാരനായത്. കാൽക്കുഴയ്ക്ക് പരിക്കേറ്റ ഗുരേരോയ്ക്ക് നവംബർ മാസം വരെ കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും. ഗുരേരോയുടെ അഭാവത്തിൽ ഫുൾ ബാക്ക് ഫെലിക്സ് പാസാലക് ഡോർട്മുണ്ടിന്റെ പ്രതിരോധം നിയന്ത്രിക്കും. കഴിഞ്ഞ മെയിൽ ഓഗ്സ്ബർഗിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ജൂലിയൻ വീഗിളിനു അടുത്തതൊന്നും കളിക്കളത്തിലിറങ്ങാൻ സാധിക്കില്ല. 21 കാരനായ താരം തിരിച്ചു വരാൻ ആറുമാസമെങ്കിലമാകുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിനെ തുടർന്ന് പുറത്തിരിക്കുന്ന മറ്റൊരാൾ മാർക്കോ റുസാണ്. കരിയറിലുടനീളം കരിനിഴൽ വീഴ്ത്തിയ പരിക്ക് വീണ്ടും റൂസിനെ വിടാതെ പിന്തുടരുകയാണ്. തുടർച്ചയായ പരിക്കുകൾ മൂലം കഴിഞ്ഞ സീസണിൽ ഏപ്രിലിൽ മാത്രം ബുണ്ടസ് ലീഗയിലേക്ക് തിരിച്ചെത്തിയ റൂസ് തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എന്നാൽ നിർഭാഗ്യം വീണ്ടും മാർകോ റൂസിനെ പിന്തുടർന്നു. ജർമ്മൻ കപ്പ് ഫൈനലിൽ ഏറ്റ പരിക്ക് റൂസിന്‌ കോൺഫെഡറേഷൻ കപ്പ് നഷ്ടമാക്കിയിരുന്നു. ഒടുവിൽ കിട്ടുന്ന വിവരമനുസരിച്ച് അടുത്ത വര്ഷം മാത്രമേ റൂസിന്‌ കളത്തിലിറങ്ങാൻ സാധിക്കുള്ളു.

എന്നാൽ ഡോർട്ട്മുണ്ട് ഫാൻസിനു ആഹ്ലാദിക്കുവാനുള്ള വകയുണ്ട്. ദീർഘകാലമായി പരിക്കുമൂലം പുറത്തിരുന്ന മരിയോ ഗോട്സെ ഇന്ന് ട്രെയിനിങ്ങിനായിറങ്ങി. ജർമ്മനിക്ക് വേൾഡ് കപ്പ് നേടിക്കൊടുത്ത ഗോളിനുടമയായ ഗോട്സെ തിരിച്ചെത്തിയത് ആരാധകരിൽ ആവേശം വർദ്ദിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ ബുണ്ടസ് ലീഗയിലെ ഗോളടിയന്ത്രം ഒബാമയങ്ങും ടീമിനോടൊപ്പം ഇന്ന് ട്രൈനിങ്ങിനിറങ്ങി. ചൈനീസ് സൂപ്പർ ലീഗിലേക്ക് ഒബാമയാങ് പോകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഇന്ന് ട്രെയിനിങ് നടന്നത്. ഏ സി മിലാനും ചെൽസിയും ഒബാമയങ്ങിനുവേണ്ടി കരുക്കൾ നീക്കുന്നുണ്ടെങ്കിലും ഡോർട്മുണ്ടിൽ തന്നെ താരം തുടരാനാണ് സാധ്യത. ബയേർ ലെവർകുസനിൽ നിന്നും 12 മില്യൺ യൂറോയ്ക്ക് ഡോർട്മുണ്ടിലെത്തിയ ഒമർ തൊപ്രാക്കും ഗ്ലാഡ്ബാക്കിൽ നിന്നെത്തിയ മഹ്മൂദ് ദാവൂദും ഇന്ന് ട്രെയിനിങിനിറങ്ങി. ജൂലൈ 13 മുതൽ 19 വരെ ഏഷ്യൻ ടൂറിലായിരിക്കും ഡോർട്ട്മുണ്ട്. ആഗസ്റ് അഞ്ചിന് നടക്കുന്ന സൂപ്പർ കപ്പിൽ ഡോർട്മുണ്ട് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കിനെ നേരിടും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement