ജർമ്മനിയിലെ മികച്ച താരമായി ലെവൻഡോസ്കി

ജർമ്മനിയിലെ മികച്ച താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്കി തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി ട്രെബിൾ നേടിയതിന് പിന്നാലെയാണ് ഈ നേട്ടം ലെവൻഡോസ്കിയെ തേടി വന്നത്. ബയേണിലെ സഹതാരങ്ങളായ തോമസ് മുള്ളറേയും ജോഷ്വാ കിമ്മിഷിനേയും പിന്നിലാക്കിയാണ് ലെവൻഡോസ്കി ഈ നേട്ടം ആദ്യമായി സ്വന്തമാക്കുന്നത്. ജർമ്മൻ സ്പോർട്സ് മാധ്യമമായ കിക്കറാണ് ഈ അവാർഡുകൾ സമ്മാനിക്കുന്നത്. സ്പോർട്സ് ജേണലിസ്റ്റുകൾക്കിടയിൽ നടന്ന വോട്ടെടുപ്പിന് ശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത്.

എട്ട് തവണ മികച്ച പോളിഷ് ഫുട്ബോളറായ‌ ലെവൻഡോസ്കിയെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്ന സീസണാണ്. ഈ സീസണിൽ ലെവൻഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 47 മത്സരങ്ങളിൽ നിന്നാണ് ഈ 55 ഗോളുകൾ പിറന്നത്. കളിച്ച മൂന്ന് ടൂർണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയിൽ 34 ഗോളുമായി ടോപ്പ് സ്കോറർ, ജർമ്മൻ കപ്പിൽ6 ഗോളുമായി ടോപ്പ് സ്കോറർ, ഒപ്പം ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളുമായും ടോപ്പ് സ്കോററായി മാറി ലെവൻഡോസ്കി.