ഇവിടെ ഒരു മാറ്റവും ഇല്ല, ബുണ്ടസ് ലീഗയിൽ ‘സെവൻ അപ്പ്’ ജയവുമായി ബയേൺ മ്യൂണിക് | Report

ജർമ്മൻ ബുണ്ടസ് ലീഗയിൽ എല്ലാം പതിവ് പോലെ.

ജർമ്മൻ ബുണ്ടസ് ലീഗയിൽ എല്ലാം പതിവ് പോലെ. ബോക്വമിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് ആണ് റെക്കോർഡ് ചാമ്പ്യൻമാർ ആയ ബയേൺ തകർത്തത്. ബുണ്ടസ് ലീഗയിൽ ലെവൻഡോവ്സ്കിയുടെ അഭാവം തങ്ങൾക്ക് പ്രശ്നമല്ല എന്ന് കാണിക്കുന്ന ജയം ആണ് ബയേൺ പുറത്ത് എടുത്തത്. നാലാം മിനിറ്റിൽ കിങ്സ്ലി കോമാന്റെ പാസിൽ നിന്നു ലിറോയ്‌ സാനെയാണ് അവരുടെ ഗോൾ വേട്ട ആരംഭിച്ചത്. 25 മത്തെ മിനിറ്റിൽ ജോഷുവ കിമ്മിശിന്റെ പാസിൽ നിന്നു ക്ലബിനായി ഡി ലൈറ്റ് തന്റെ ആദ്യ ഗോൾ കണ്ടത്തി.

33 മത്തെ മിനിറ്റിൽ കോമാൻ മൂന്നാം ഗോൾ സമ്മാനിച്ചപ്പോൾ 40 മത്തെ മിനിറ്റിൽ സാദിയോ മാനെ നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ കോമാന്റെ പാസിൽ നിന്നു മാനെ തന്റെ ഗോൾ കണ്ടത്തി. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ കോമാനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാനെ തന്റെ രണ്ടാം ഗോളും ബയേണിന്റെ അഞ്ചാം ഗോളും കുറിച്ചു. 69 മത്തെ മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ ബയേണിന് ആറാം ഗോൾ സമ്മാനിച്ചു.

ബുണ്ടസ് ലീഗ

ക്രിസ്റ്റിയൻ ഗംപോവ ആണ് സ്വന്തം വലയിൽ പന്ത് എത്തിച്ചത്. 76 മത്തെ മിനിറ്റിൽ പകരക്കാർ ഒന്നിച്ചപ്പോൾ ബയേണിന്റെ ഏഴാം ഗോളും പിറന്നു. ഗബ്രിയേൽ വിഡോവിചിന്റെ പാസിൽ നിന്നു സെർജ് ഗനാബ്രിയാണ് അവരുടെ ജയം പൂർത്തിയാക്കിയത്. ഗോൾ നേടാൻ ലെവൻഡോവ്സ്കി ആവശ്യമില്ല എന്നു തെളിയിച്ച ബയേൺ കഴിഞ്ഞ സീസണിൽ ബോക്വമിനോട് ഏറ്റ 4-2 ന്റെ പരാജയത്തിന് പ്രതികാരവും ചെയ്തു.

Story Highlight : Bayern Munich gets 7-0 win in Bundesliga.