വിടവാങ്ങാനൊരുങ്ങി സൂപ്പർ താരങ്ങൾ, കിരീടത്തോടെ പറഞ്ഞയക്കാൻ ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ഇന്ന് കിരീടപ്പോരാട്ടം നടക്കും. ചാമ്പ്യൻഷിപ്പ് നിർണയിക്കുന്ന അവസാന മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആണ് ബയേണിന്റെ എതിരാളികൾ. എന്നാൽ കിരീടപ്പോരാട്ടത്തേക്കാൾ ഉപരി ബയേണിന്റെ സൂപ്പർ താരങ്ങളുടെ വിടവാങ്ങൽ മത്സരം കൂടെയാണ് ഇന്ന്. ബയേണിന്റെ ലജന്ററി “റോബറി”ക്ക് ഇന്ന് അവസാനമാവുകയാണ്. ഫ്രാങ്ക് റിബറിയും അർജൻ റോബനും വിടവാങ്ങൽ മത്സരമാണ് ഇന്നത്തേത്. റോബനും റിബറിക്കും ഒപ്പം ബ്രസീലിയൻ ഡിഫന്റർ റഫീഞ്ഞ്യയും ഇന്ന് ബയേണിലെ അവസാന മത്സരം കളിക്കും.

12 വർഷമായി ഫ്രഞ്ച് താരമായ റിബറി ബവേറിയയിൽ കളിക്കുന്നുണ്ട്. 423 മത്സരങ്ങളിൽ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങൾ നേടിയിട്ടുണ്ട്. 10 വർഷങ്ങൾക്ക് മുൻപാണ് ഫ്ലയിങ് ഡച്ച്മാൻ അലയൻസ് അറീനയിൽ എത്തുന്നത്.

307 മത്സരങ്ങളിൽ ബയേണിന് വേണ്ടി കളിച്ച റോബൻ ബയേണിനൊപ്പം 18 കിരീടങ്ങൾ നേടി. വെംബ്ലിയിൽ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ബയേൺ ചാമ്പ്യൻസ് ലീഗ് ഉയർത്തിയപ്പോൾ വിജയ ഗോൾ അടിച്ചത് റോബനായിരുന്നു. 2011ലാണ് ജനോവയിൽ നിന്നും ബയേൺ റഫിഞ്ഞ്യയെ സ്വന്തമാക്കിയത്. 266 മത്സരങ്ങളിൽ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റഫീഞ്ഞ്യ 16 കിരീടങ്ങളും ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.