ബുണ്ടസ് ലീഗയിൽ ജയത്തോടെ തുടങ്ങി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ കരുത്തരായ ഹോഫൻഹെയിമിനെ പരാജയപ്പെടുത്തിയത്. നാടകീയമായ VAR രംഗങ്ങൾ നിറഞ്ഞ അന്ത്യന്തം ആവേശകരമായ മത്സരത്തിൽ മികച്ച പ്രകടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. ബയേണിന് വേണ്ടി തോമസ് മുള്ളർ, റോബർട്ട് ലെവൻഡോസ്‌കി, അർജെൻ റോബൻ എന്നിവർ ഗോൾ നേടി.

2018 -19 ബുണ്ടസ് ലീഗ്‌ സീസണിലെ ആദ്യ ഗോൾ നേടിയത് തോമസ് മുള്ളറാണ്. കിമ്മിഷ് എടുത്ത കോർണർ മനോഹരമായ ഹെഡ്ഡറിലൂടെ മുള്ളർ ഗോളാക്കി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആദം സ്‌സലൈ ഹോഫൻഹെയിമിന്റെ സമനില ഗോൾ നേടി. പിന്നീടാണ് അത്യന്തം നാടകീയമായ ‘വാറിന്റെ’ ഇടപെടൽ ഉണ്ടാകുന്നത്. പെനാൽറ്റി എടുത്ത ലെവൻഡോസ്‌കിക് പിഴച്ചു എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി വീണ്ടും പെനാൽറ്റി എടുക്കാൻ വിധിച്ചു.

റോബൻ പെനാൽറ്റി ഏരിയയിൽ നേരത്തെ എത്തിയത് കാരണമാണ് വീണ്ടും പെനാൽറ്റി എടുക്കാൻ വിധിച്ചത്. രണ്ടാം തവണ പെനാൽറ്റി എടുത്ത ലെവൻഡോസ്‌കിക്ക് പിഴച്ചില്ല. പിന്നീട് മുള്ളറിന്റെ അസിസ്റ്റിൽ റോബൻ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു. പുതിയ കോച്ചായി ചുമതലയേറ്റ നിക്കോ കൊവാച്ചിന് ബുണ്ടസ് ലീഗയിലെ ആദ്യ മത്സരം ജയത്തോടെ ആരംഭിക്കാൻ സാധിച്ചു.

Exit mobile version