ഗോൾമഴ പെയ്യിച്ച് ബയേൺ,ഹാട്രിക്കോടെ ലെവൻടോസ്കി

- Advertisement -

അലിയൻസ് അറീനയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യൂണിക് കാർലോ ആൻസലോട്ടിയുടെ 1000മത്തെ മാച്ച് അവിസ്മരണീയമാക്കി.ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബവേറിയന്മാർ 8-0 ത്തിനു ഹാംബെർഗ് എഫ്‌സിയെ നിലം പരിശാക്കി. ഈ സീസണിലെ തന്റെ മൂന്നാമത്തെ ഹാട്രിക്ക് സ്വന്തമാക്കി പോളണ്ടിന്റെ സ്വന്തം ലെവൻടോസ്കിയും കൂട്ടരും കളിയിൽ സർവാധിപത്യം പ്രകടമാക്കി.ലെവൻടൊസ്കിയോടൊപ്പം വിദാലും അലാബയും കോമനും റോബനും ഗോൾ വല ചലിപ്പിച്ചു.ആൻസലോട്ടിയുടെ കരിയറിലെ 591മത്തെ വിജയമാണിത്.

17മത്തെ മിനുറ്റിൽ വിദാൽ ബയേണിന്റെ അക്കൗണ്ട് തുറന്നു. ഏഴു മിനുറ്റുകൾക്ക് ശേഷം മുള്ളറിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി ലെവൻടോസ്കി ലക്ഷ്യത്തിലെത്തിച്ചു. ആദ്യപകുതിയിൽ 42മത്തെ മിനുറ്റിൽ ലെവൻടോസ്കി രണ്ടാം ഗോളും കണ്ടെത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെവി ഹാട്രിക്ക് പൂർത്തിയാക്കി. റോബന്റെ അസിസ്റ്റിൽ മനോഹരമായൊരു ഷോട്ട് ആയിരുന്നത്.നിമിഷങ്ങൾക്ക് ശേഷം അലാബയിലൂടെ ബയേൺ അഞ്ചാം ഗോൾ കണ്ടെത്തി.സബ്സ്റ്റിറ്റ്യൂട്ട് കോമനിലൂടെ 65ആം മിനുട്ടിലും 69ആം മിനുട്ടിലും ബയേൺ ലീഡുയർത്തി.കളിയവസാനിക്കുന്നതിനു മിനുറ്റുകൾ ശേഷിക്കേ റോബന്റെ ഇടംകാൽ മാജിക്ക് വീണ്ടുമാവർത്തിച്ചു.

മാർച്ച് ആദ്യവാരം ഷാൽക്കെ,ആഴസണൽ,കൊളോൺ എന്നിവരെയാണു ബവേറിയന്മാർ നേരിടേണ്ടത്.

Advertisement