ആറടിച്ച് ടേബിൾ ടോപ്പേഴ്‌സായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ലെവൻഡോസ്‌കി ബയേണിന്റെ ജയത്തിനു ചുക്കാൻ പിടിച്ചു. ഇന്നത്തെ ഗോളോട് കൂടി ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോളടിക്കുന്ന വിദേശ താരമായി മാറി ലെവൻഡോസ്‌കി. ലെവൻഡോസ്‌കിക്ക് പുറമെ സെർജ് ഗ്നാബ്രി, തോമസ് മുള്ളർ, ഹാമസ് റോഡ്രിഗസ്, ജോഷ്വ കിമ്മിഷ്, എന്നിവരും ഗോളടിച്ചു.

മാസങ്ങളായുള്ള ഹാമസ് റോഡ്രിഗസിന്റെ ഗോൾ വരൾച്ചയ്ക്കാണ് ഇന്ന് അവസാനമായത്. ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്നു പോയന്റ് നിലയിൽ ഒന്നാമതാകാൻ ബയേണിന് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോടുള്ള രണ്ടാം പാദ മത്സരത്തിന് മുന്നോടിയായുള്ള വമ്പൻ ജയം ബയേണിന് ആത്മ വിശ്വാസമേകും.