അഴിച്ചു പണിയുമായി ബയേൺ മ്യൂണിക്ക്, പരിശീലകൻ കോവാച് പുറത്ത്

ബുണ്ടസ് ലീഗയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ നിക്കോ കോവാച് പുറത്ത്. ജർമ്മനിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിക്കോ കോവാച് ബയേൺ ബോർഡിന് മുന്നിൽ രാജി സമർപ്പിക്കുകയായിരുന്നു. ബുണ്ടസ് ലീഗയിൽ 5-1 നാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ചാമ്പ്യന്മാരായ ബയേണിനെ പരാജയപ്പെടുത്തിയത്. സമീപകാലത്തെ ബയേണിന്റെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ ക്ലബ്ബ് പ്രാക്റ്റീസ് സെഷൻ ക്യാൻസെൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ മാനേജുമെന്റുമായിള്ള മീറ്റിംഗിന് ശേഷമാണ് കോവാച് രാജി സമർപ്പിച്ചത്.

ഹാൻസി ഫ്ലിക്ക് ആയിരിക്കും കെയർടേക്കർ മാനേജർ. നിക്കൊയും സഹോദരനും സഹ പരിശീലകനുമായ റോബർട്ട് കോവാചും രാജി സമർപ്പിച്ചു. ജർമ്മൻ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർക്ക് ശേഷം ബയേണിന്റെ താരമായും ബയേണിന്റെ മാനജറായും ബുണ്ടസ് ലീഗ കിരീടമുയർത്തിയ ആദ്യ പരിശീലകനായി മാറിയിരുന്നു നിക്കോ കോവാച്ച്. ക്രൊയേഷ്യൻ താരവും പരിശീലകനുമായ നിക്കോ കോവാച്ച് 2001 മുതൽ 2003 വരെ ബയേണിന്റെ താരമായിരുന്നു. ബയേണിനൊപ്പം 2002-03 സീസണിൽ ബുണ്ടസ് ലീഗ കിരീടം കോവാച്ച് ഉയർത്തിയിരുന്നു. പരിശിലകനായ കോവാചിന്റെ കിഴിൽ ബയേൺ ലീഗും ജർമ്മൻ കപ്പും സൂപ്പർ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.