വീണ്ടും ലെവൻഡോസ്കി, ഇഞ്ചുറി ടൈം ഗോളിൽ ബയേണിന് ജയം

Img 20201220 015954
- Advertisement -

ജർമ്മനിയിൽ വീണ്ടും രക്ഷകനായി ലെവൻഡോസ്കി. പോളിഷ് സൂപ്പർ താരത്തിന്റെ ഇഞ്ചുറി ടൈം ഗോളിൽ ബുണ്ടസ് ലീഗയിൽ ബയേണിന് ജയം. ബയേർ ലെവർകൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. ബയേണിന്റെ ഇരട്ട ഗോളുകൾ ഫിഫയുടെ മികച്ച താരം ലെവൻഡോസ്കിയാണ്. പാട്രിക് ഷീകാണ് ബയേർ ലെവർകൂസന് വേണ്ടി സ്കോർ ചെയ്തത്. ഇന്നേറെ വിയർത്തിട്ടാണ് ബയേൺ മ്യൂണിക്കിന് ജയം ലഭിച്ചത്. സമീപ കാലത്തെ സ്ഥിരം കാഴ്ച്ച തന്നെ ഇത്തവണയും കളിയിൽ ഉണ്ടായി.

മത്സരത്തിന്റെ 14ആം മിനുട്ടിൽ തന്നെ ബയേൺ മ്യൂണിക്ക് ഗോൾ വഴങ്ങി. ചെക്ക് സ്ട്രൈക്കറായ പാട്രിക് ഷീകിന്റെ മനോഹരമായ വോളി ബയേൺ മ്യൂണിക്ക് പ്രതിരോധത്തെ കാഴച്ചക്കാരാക്കി വലയിലെത്തി. ചെക്ക് റിപ്പബ്ലിക് സ്ട്രൈക്കർ വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സൈട് അനുവദിച്ച് ‘വാർ’ ബയേണിന്റെ സഹായത്തിന് എത്തി. പിന്നീട് ആദ്യ പകുതി അവസാനിക്കും മുൻപ് ലെവൻഡോസ്കിയുടെ ആദ്യ ഗോളിന് മുള്ളർ വഴിയൊരുക്കി. ടായുടെ പിഴവ് മുതലെടുത്താണ് കിമ്മിഷിന്റെ പാസ്സിൽ ലെവൻഡോസ്കി 93ആം മിനുട്ടിൽ ബയേണിന്റെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോട് കൂടി ബയേൺ മ്യൂണിക്ക് ബുണ്ടസ് ലീഗയിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി.

Advertisement