
തുടർച്ചയായ ആറാം തവണയും ബയേൺ മ്യൂണിക് ബുണ്ടസ് ലീഗ ജേതാക്കൾ. ഓഗ്സ്ബർഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബയേൺ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷമാണു നാല് ഗോൾ തിരിച്ചടിച്ച് ബയേൺ കിരീടം ഉറപ്പിച്ചത്.
ലീഗിലെ അഞ്ച് മത്സരം ശേഷിക്കെയാണ് ബയേണിന്റെ കിരീട ധാരണം. ബയേൺ മ്യൂണിക്കിന്റെ 28ആം കിരീട ധാരണമാണ് ഇത്. സെവിയ്യക്കതിരെയുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം മുൻപിൽ കണ്ടുകൊണ്ടു മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ബയേൺ ഇറങ്ങിയത്. റോബർട്ട് ലെവൻഡോസ്കി, തോമസ് മുള്ളർ, റിബറി, ഹമ്മൽസ്, ഹാവി മാർട്ടിനസ് എന്നിവർ എല്ലാരും ബെഞ്ചിലായിരുന്നു.
നിക്ളാസ് സുലെയുടെ സെൽഫ് ഗോളിൽ ഓഗ്സ്ബർഗ് ആണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി തീരുന്നതിനു മുൻമ്പ് തന്നെ ടോളിസോയിലൂടെയും ഹമേസ് റോഡ്രിഗസിലൂടെയും ബയേൺ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിൽ റോബനും വാഗ്നരും കൂടി ഗോൾ നേടിയതോടെ ബയേൺ കിരീടം ഉറപ്പിക്കുകയായിരുന്നു.
കാർലോ അഞ്ചലോട്ടിയിൽ നിന്ന് ഹെയ്ൻനെക്സ് ഏറ്റെടുക്കുമ്പോൾ ബൊറൂസിയ ഡോർട്മുണ്ടിനു അഞ്ചു പോയിന്റ് പിറകിലായിരുന്നു ബയേൺ. തുടർന്ന് ഹെയ്ൻനെക്സ് പരിശീലിപ്പിച്ച 31 മത്സരങ്ങളിൽ 28മത്സരവും ജയിച്ച ബയേൺ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിന് തൊട്ടരികിലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial