ബവേറിയന്മാരെ സമനിലയിൽ തളച്ച് ലെവർകൂസൻ

ബുണ്ടസ് ലീഗയിൽ ഇന്നലെ‌ നടന്ന ബയേൺ മ്യൂണിക് ബയേർ ലെവർകൂസൻ ‌മൽസരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടേറ്റ പരാജയത്തിനു ശേഷം‌ ബുണ്ടസ് ലീഗയിൽ ഇറങ്ങിയ ബയേൺ മ്യൂണിക് ഒരു വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വിട്ടു കൊടുക്കാൻ തയ്യാറാകാതിരുന്ന ലെവർകൂസൻ 10 പേരെ വെച്ച് എങ്ങനെ പ്രതിരോധിച്ചു കളിക്കാം എന്നു ബവേറിയന്മാർക്ക് കാണിച്ചു കൊടുത്തു. ഈ സമനില കൊണ്ട് ലെപ്സിഗ് 8 പോയന്റ് വ്യത്യാസത്തിൽ രണ്ടാമതായി തുടരുന്നു. ബുണ്ടസ് ലീഗയിൽ ബയേൺ ഇനി രണ്ടാം സ്ഥാനക്കാരായ ലെപ്സിഗുമായാണ്. അർജെൻ റോബൻ ബയേൺ ജേഴ്സിയണിഞ്ഞ് തന്റെ 250ആം മൽസരം ഇന്നലെ കളിച്ചു.

ബെയ് അറീനയിൽ നടന്ന മൽസരത്തിൽ ടൈഫൂൻ കോർക്കൂട്ടിന്റെ ലെവർകൂസൻ ആക്രമിച്ചാണ് തുടങ്ങിയത്. പത്താം മിനുട്ടിൽ വോലാണ്ടിലൂടെ ലെവർകൂസൻ ലീഡുയർത്തി എന്ന് തോന്നിപ്പിചെങ്കിലും ബോക്സിന് പുറത്ത് പോയി. ലെവൻടോസ്കി ഇല്ലാത്തതിന്റെ കുറവ് ആൻസലോട്ടിയുടെ നിരയിൽ പ്രകടമായിരുന്നു. ലെവൻടോസ്കിയോട് കിടപിടിക്കുന്ന ഒരു ഫിനിഷർ ഇല്ലാതെ വിയർക്കുന്ന ബയേണിനെയാണ് കളിയിലുട നീളം കണ്ടത്. ഒരു പാട് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നു പോലും ഗോളാക്കിമാറ്റാൻ ബവേറിയന്മാർക്കായില്ല. 11 സെക്കന്റുകൾക്കുള്ളിൽ ലഭിച്ച മൂന്നവരസരം വിദാൽ,അലാബ‌, മാർട്ടിനെസ് എന്നിവർക്ക് മുതലാക്കാനായില്ല. കിങ്സ്ലി കോമന്റെ ഒരു തകർപ്പൻ ഷോട്ട് ലേനൊ സേവ് ചെയ്തു. ബയേറിന്റെ മുന്നേറ്റം‌ പ്രകടമായി തുടങ്ങിയപ്പോളെക്കാണ് രണ്ട് മഞ്ഞക്കാർഡ് കണ്ട് ജെദ്വാജ് പുറത്ത് പോയത്. എന്നാൽ പത്ത് പേരെക്കൊണ്ട് പിടിച്ചു നിക്കാൻ കോർക്കൂട്ടിനും കുട്ടികൾക്കും സാധിച്ചു. ഓപ്പൺ പോസ്റ്റ് ലഭിച്ചു വെങ്കിലും ഫിലിപ്പ് ലാം അടിച്ച ബോൾ പോസ്റ്റിൽ നിന്നുമകന്ന് പോയി. ഈ സമനിലയോടു കൂടി റെലെഗേഷൻ സോണിൽ നിന്നും അകന്ന് നിൽക്കുന്ന ലെവർകൂസൻ യൂറോപ്പ ക്വാളിഫിക്കേഷന് അഞ്ച് പോയന്റ് അകലെയാണ്.