
ഹോഫൻഹെയിമിന്റെ ഗോൾ വേട്ടക്കാരൻ സാൻഡ്രോ വാഗ്നർ അലയൻസ് അറീനയിലേക്കെന്നു സൂചന. റോബർട്ട് ലെവൻഡോസ്കിക്ക് കൂട്ടായി മറ്റൊരു ആക്രമണ താരം ബയേണിലേക്കെത്തും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയ്ക്കാണ് സാൻഡ്രോ വാഗ്നറുടെ ചുവടു മാറ്റത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വാഗ്നർ ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു ഹോഫൻഹെയിമിന്റെ കോച്ച് ജൂലിയൻ നൈഗൽസ്മാൻ സ്ഥിതീകരിച്ചു. ലെവൻഡോസ്കിക്ക് പകരക്കാരായി ഹാമിഷ് റോഡ്രിഗ്രസിനേയും മുള്ളറിനെയും യപ്പ് ഹൈങ്കിസ് പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം തിരിച്ചു കിട്ടിയിട്ടില്ല. ലെവൻഡോസ്കിയ്ക്ക് ഉണ്ടാവുന്ന സമ്മർദ്ദം കുറക്കാൻ വാഗ്നറുടെ വരവ് ഗുണകരമാവും.
വാഗ്നർ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത് ബയേൺ മ്യുണിക്കിന്റെ രണ്ടാം നിര ടീമിലാണ്. ബവേറിയക്കാരനായ വാഗ്നറിനു ഹോം കമിങ് കൂടിയാവും ഈ ചുവടു മാറ്റം. 2015 ലെ ഡാംസ്റ്റഡിലുള്ള തകർപ്പൻ സീസണാണ് ആണ് ബുണ്ടസ് ലീഗയിലെ ശ്രദ്ധകേന്ദ്രമാക്കി മാറ്റിയത്. 2015 മുതൽ നോക്കുമ്പോൾ ആന്റണി മോഡസ്റ്റയ്ക്കും ലെവൻഡോസ്കിക്കും ഒബാമയങ്ങിനും പിന്നിലായാണ് ഗോൾ വേട്ടക്കാരിൽ വാഗ്നർക്ക് സ്ഥാനം. ലേറ്റ് ബ്ലൂമർ ആയി അറിയപ്പെടുന്ന വാഗ്നർ ജർമ്മൻ നാഷണൽ ടീമിൽ ഇടം നേടുന്നത് ഈ വർഷമാണ്. 7 മത്സരങ്ങൾ കളിച്ച വാഗ്നർ ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.ലോകകപ്പിനായുള്ള ജർമ്മൻ ടീമിൽ ഇടം നേടാൻ വാഗ്നർക്ക് ഒരു കൂടുമാറ്റം അനിവാര്യമായിരിക്കാം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial