ഇന്ന് വിജയിച്ചാൽ ബയേൺ ജർമ്മൻ ചാമ്പ്യന്മാർ ആകും!!

- Advertisement -

ബുണ്ടസ് ലീഗ കിരീടം ഇന്ന് വീണ്ടും ബയേൺ മ്യൂണിച്ചിന്റെ ട്രോഫി ക്യാബിനെറ്റിലേക്ക് എത്തും. ഇനി കിരീടം ഉറപ്പിക്കാൻ ബയേണിന് വേണ്ടത് വെറും ഒരു വിജയം മാത്രമാണ്. അവസാന മത്സരത്തിൽ ഗ്ലാഡ്ബാചിനെ പരാജയപ്പെടുത്തിയതോടെ ബയേൺ 73 പോയന്റിൽ എത്തിയിരുന്നു. 31 മത്സരങ്ങളിൽ നിന്നാണ് ഈ 73 പോയന്റ്. ഇനി മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് ലീഗിൽ ശേഷിക്കുന്നത്.

രണ്ടാമതുള്ള ഡോർട്മുണ്ടിന് 31 മത്സരങ്ങളിൽ നിന്ന് 66 പോയന്റാണ് ഉള്ളത്. അവർക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും 75 പോയന്റിൽ മാത്രമേ എത്താൻ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ബയേണിന് ഇന്നത്തെ വിജയം അവർക്ക് കിരീടം നൽകും. ഇന്ന് വെർഡർബ്രെമൻ ആണ് ബയേണിന്റെ എതിരാളികൾ. രാത്രി 12 മണിക്ക് വെർഡർബ്രമെന്റെ ഗ്രൗണ്ടിലാണ് ഈ മത്സരം.

ഫ്രെയബർഗ്, വോൾവ്സ്ബർഗ് എന്നിവരാണ് ബയേണിന്റെ അവസാന രണ്ടു മത്സരങ്ങളിലെ എതിരാളികൾ‌. അതിനു മുമ്പ് തന്നെ കിരീടം ഉറപ്പിക്കാൻ ആകുമെന്ന് ബയേൺ കരുതുന്നു. ഇത്തവണ കിരീടം നേടിയാൽ അത് ബയേണിന്റെ 30ആം ജർമ്മൻ ലീഗ് കിരീടമാകും. തുടർച്ചയായ എട്ടാമത്തെ ബുണ്ടസ് ലീഗ കിരീടവുമാകും.

Advertisement