ഗോരെട്സ്ക 2026വരെ ബയേണിൽ തുടരും

ജർമ്മൻ താരം ലിയോൺ ഗോരെട്സ്ക 2026 വരെ ബയേൺ മ്യൂണിക്കിൽ തുടരും. അഞ്ച് വർഷത്തെ കരാറിലാണ് ഈ മധ്യനിര താരം ഒപ്പുവെച്ചത്. 2018ലാണ് ബുണ്ടസ് ലീഗ ക്ലബ്ബായ ഷാൽകെയിൽ നിന്നും ബയേണിലേക്ക് ഗോരെട്സ്ക എത്തുന്നത്. ജർമ്മൻ ദേശീയ ടീമിലേയും ബയേണിലേയും സ്ഥിര സാന്നിധ്യം കൂടിയാണ് 26കാരനായ ഗോരെട്സ്ക. യൂറോ 2020യിലെ ഹങ്കറിക്കെതിരായ ഗോൾ ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല.

കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 24 മത്സരങ്ങൾ ബുണ്ടസ് ലീഗയിൽ കളിച്ച ഗോരെട്സ്ക അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. ബയേണിനോടൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകകപ്പും അടക്കം ആറ് കിരീടങ്ങൾ ഒരു സീസണിൽ ഉയർത്തിയിട്ടുണ്ട്‌. ജർമ്മനിക്ക് വേണ്ടി 35 മത്സരങ്ങൾ കളിച്ച ഗോരെട്സ്ക 14 ഗോളുകളും നേടി.