ലെവൻഡോസ്കി ഗോളടിച്ചു, പക്ഷെ ബയേണ് ആദ്യ ലീഗ് മത്സരത്തിൽ വിജയമില്ല

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിന് ലീഗിലെ ആദ്യ മത്സരത്തിൽ സമനില. ഇന്ന് കണ്ട ആവേശകരമായ മത്സരത്തിൽ ഗ്ലാഡ്ബാച് ആണ് ബയേണെ സമനിലയിൽ പിടിച്ചത്. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ഹോം ടീമായ ഗ്ലാഡ്ബാച് ലീഡ് എടുത്തു. അലസാനെ പ്ലിയയുടെ വകയായിരുന്നു ഗ്ലാഡ്ബാചിന്റെ ഗോൾ. ഈ ഗോൾ ബയേണെ ഒന്ന് വിറപ്പിച്ചു എങ്കിലും ലെവൻഡോസ്കി അവരുടെ രക്ഷയ്ക്ക് എത്തി. കഴിഞ്ഞ സീസണിൽ ഗോളടിച്ച് ബുണ്ടസ് ലീഗ റെക്കോർഡ് ഇട്ട താരം 42 മിനുട്ട് മാത്രമെ പുതിയ സീസണിൽ ഗോൾ കണ്ടെത്താൻ എടുത്തുള്ളൂ.

42ആം മിനുട്ടിൽ കിമ്മിചിന്റെ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ഗോൾ. ബയേൺ നിരവധി അവസരങ്ങൾ കലീയിൽ സൃഷ്ടിച്ചു എങ്കിലും യാൻ സൊമ്മറിന്റെ മികവ് ഗ്ലാഡ്ബാചിനെ രക്ഷിച്ചു. സ്വിറ്റ്സർലാന്റ് ഗോൾ കീപ്പർ ഗോളെന്ന് ഉറച്ച നാലോളം മികച്ച സേവുകളാണ് ഇന്ന് നടത്തിയത്. ഇനി ബുധനാഴ്ച ബയേണ് ജർമ്മൻ സൂപ്പർ കപ്പിൽ ഡോർട്മുണ്ടിനെ നേരിടും.

Exit mobile version