കിരീടത്തിനോടടുത്ത് ബയേൺ, ഗ്ലാഡ്ബാക്കിനെതിരെ ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ഇനി ഒരു ജയം കൂടി നേടിയാൽ ബയേൺ ബുണ്ടസ് ലീഗ കിരീടം തുടർച്ചയായ എട്ടാം തവണയും ഉയർത്താം. ബയേണിന് വേണ്ടി ഡച്ച് യുവതാരം സിർക്സീയും ലിയോൺ ഗോരെട്സ്കയും ഗോളടിച്ചപ്പോൾ ബയേണിന്റെ ലോക ചാമ്പ്യൻ ബെഞ്ചമിൻ പവാർദിന്റെ സെൽഫ് ഗോളാണ് ഗ്ലാഡ്ബാക്കിന് അക്കൗണ്ട് തുറക്കാൻ സഹായിച്ചത്.

ബയേണിന്റെ ഗോൾ മെഷീൻ ലെവൻഡോസ്കിയും തോമസ് മുള്ളറും സസ്പെൻഷനിൽ ആയതിനാൽ ലൂക്കസ് ഹെർണാണ്ടസ്, സിർസ്കി,ഗ്നാബ്രി, മൈക്കൽ കുസിയൻസ് എന്നിവരെ കളത്തിലിറക്കിയാണ് ഹാൻസി ഫ്ലിക് തുടങ്ങിയത്‌. ആദ്യ മിനുട്ടുകളിൽ തന്നെ മാർക്കസ് തുറാമിന് പരിക്കേറ്റ് പുറത്ത് പോവേണ്ടി വന്നത് ഗ്ലാഡ്ബാക്കിന് തിരിച്ചടിയായി. ബയേണിന്റെ ഗോളി നുയറും ഗ്ലാഡ്ബാക്കിന്റെ സോമറും മികച്ച പ്രകടനമാണ് കളിയിൽ പുറത്തെടുത്തത്. ബയേണിന്റെ സെൽഫ് ഗോളിൽ സമനില പ്രതീക്ഷിച്ച നാലാം സ്ഥാനക്കാരായ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന് ഗോരെട്സ്കയുടെ 86ആം മിനുട്ടിലെ ഗോൾ തിരിച്ചടിയായി. 31 കളികളിൽ നിന്ന് 92 ഗോളുകളാണ് ബയേൺ ലീഗിൽ അടിച്ച് കൂട്ടിയിരിക്കുന്നത്.

Advertisement