തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ബയേൺ മ്യൂണിക്

Wasim Akram

Screenshot 20220904 014104 01

ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ബയേൺ മ്യൂണിക്. ഇത്തവണ യൂണിയൻ ബെർലിനോട് അവരുടെ മൈതാനത്ത് ആണ് അവർ സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു. ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ അവർ 75 ശതമാനം സമയം പന്ത് കൈവശം വക്കുകയും 21 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. എന്നാൽ യൂണിയൻ ബെർലിൻ പ്രതിരോധം പിടിച്ചു നിന്നു.

മത്സരത്തിൽ 12 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ ട്രിമ്മലിന്റെ പാസിൽ നിന്നു മികച്ച ഒരു സൈഡ് വോളിയിലൂടെ ഷെറാൾഡോ ബെക്കർ ബയേണിനെ ഞെട്ടിച്ചു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ ബയേണിന്റെ തിരിച്ചടി വന്നു. കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച ജോഷുവ കിമ്മിശ് ബയേണിനു സമനില നൽകി. തുടർന്ന് വിജയഗോൾ നേടാനുള്ള ബയേണിന്റെ എല്ലാ ശ്രമങ്ങളും ബെർലിൻ പ്രതിരോധം തടയുക ആയിരുന്നു. നിലവിൽ ഫ്രയ്ബർഗിനും ഡോർട്ട്മുണ്ടിനും പിറകിൽ മൂന്നാമത് ആണ് ബയേൺ അതേസമയം ഒരേ പോയിന്റുകൾ ഉള്ള യൂണിയൻ ബെർലിൻ നാലാമതും.