അവസാന മിനിറ്റിൽ പെനാൽട്ടി ഗോൾ! ബുണ്ടസ് ലീഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ബയേണിന് സമനില

ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങി ബയേൺ മ്യൂണിക്. ലീഗിൽ നിലവിൽ ഒന്നാമത് ഉള്ള ബയേണിനെ 13 സ്ഥാനക്കാരായ സ്റ്റുഗാർട്ട് ആണ് സമനിലയിൽ തളച്ചത്. ബയേണിന്റെ ആധിപത്യം കാണാൻ ആയ മത്സരത്തിൽ അർഹിച്ച സമനിലയാണ് സ്റ്റുഗാർട്ട് സ്വന്തമാക്കിയത്. 36 മത്തെ മിനിറ്റിൽ അൽഫാൺസോ ഡേവിസിന്റെ പാസിൽ നിന്നു തന്റെ ലീഗിലെ ആദ്യ ഗോൾ നേടിയ യുവതാരം മേത്തിസ് ടെൽ ആണ് ബയേണിനു മുൻതൂക്കം സമ്മാനിച്ചത്.

രണ്ടാം പകുതിയിൽ സ്റ്റുഗാർട്ട് ശക്തമായി തിരിച്ചടിച്ചു. 51 മത്തെ മിനിറ്റിൽ സെഹ്റോ ഗുയിറാസി ഗോൾ നേടിയെങ്കിലും ഇതിനു മുമ്പ് ക്രിസ് ഫുഹ്റിച് ഫൗൾ ചെയ്തത് ആയി വാർ കണ്ടത്തിയതോടെ വാർ ഗോൾ അനുവദിച്ചില്ല. എന്നാൽ ആറു മിനിറ്റിനുള്ളിൽ സ്റ്റുഗാർട്ട് സമനില ഗോൾ കണ്ടത്തി. മുന്നോട്ട് കയറി കളിച്ച പ്രതിരോധ താരം മാവ്റൊപാനോസിന്റെ പാസിൽ നിന്നു ക്രിസ് ഫുഹ്റിച് ഗോൾ കണ്ടത്തുക ആയിരുന്നു. മൂന്നു മിനിറ്റിനുള്ളിൽ എന്നാൽ ബയേൺ മുൻതൂക്കം തിരിച്ചു പിടിച്ചു. നൗസയിർ മസ്റോയുടെ പാസിൽ ജമാൽ മുസിയാല ആണ് ബയേണിനു ആയി ഗോൾ നേടിയത്.

ബുണ്ടസ് ലീഗ

ജയം ഉറപ്പിച്ച ബയേണിനു പക്ഷെ ഇഞ്ച്വറി സമയത്ത് തിരിച്ചടി കിട്ടി. സെഹ്റോ ഗുയിറാസിയെ ഡി ലിറ്റ് വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. 92 മത്തെ മിനിറ്റിൽ സമ്മർദ്ദം അതിജീവിച്ചു ശക്തമായ പെനാൽട്ടി അനായാസം സെഹ്റോ ഗുയിറാസി ലക്ഷ്യത്തിൽ എത്തിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിൽ സമനില വഴങ്ങിയ ബയേണിനു ഇത് വലിയ തിരിച്ചടിയാണ്. എങ്കിലും ബയേൺ തന്നെയാണ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്. ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരത്തിൽ ബാഴ്‌സലോണ ആണ് ബയേണിന്റെ എതിരാളികൾ.