മെയിൻസിനെ തകർത്ത് ഇൻഗോൽസ്റ്റാഡ്, ഗോമസിന്റെ ഹാട്രിക്കിൽ വോൾഫ്സിന് സമനില

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരത്തിൽ ബയേർ ലെവർകൂസനും വോൾഫ്സ് ബെർഗും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. മറ്റൊരു മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇൻഗോൾസ്റ്റാഡ് മെയിൻസിനെ പരാജയപ്പെടുത്തി.

ബേ അറീനയിൽ ഇന്നലെ ഗോൾ മഴ പെയ്തു. അത്യന്തം വാശിയേറിയ മൽസരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞെങ്കിലും കാണികൾക്ക് ആവേശോജ്വലമായ മൽസരമായിരുന്നു. റെലെഗേഷൻ ഭീഷണി നേരിടുന്ന ടൈഫൂൺ കോർക്കുട്ടിന്റെ ലെവർകൂസനും ആൻഡ്രിസ് ജോങ്കറിന്റെ വോൽഫ്സിനും ജീവൻ മരണപ്പോരാട്ടമായിരുന്നു ഇന്നലത്തേത്. അപ്രതീക്ഷിതമായി 7മിനുട്ടിൽ ഹാട്രിക്ക് നേടിയ മാരിയോ ഗോമസിന്റെ കിടിലൻ പെർഫോമൻസിന് വോൾഫ്സിനെ ജയിപ്പിക്കാനായില്ല. അവസാന ഘട്ടത്തിൽ 17കാരനായ കൈ ഹാവേട്ട്സിലൂടെ ലെവർകൂസൻ സമനില പിടിച്ചു. ആദ്യ പകുതിയിൽ കരീം ബെല്ലറാബിയിലൂടെ(40′) മുന്നിട്ട് നിന്ന ലെവർകൂസൻ രണ്ടാം പകുതിയിൽ കെവിൻ വോളാണ്ടിന്റെ(65′) ഗോളിലൂടെ വിജയമുറപ്പിച്ചതായിരുന്നു. എന്നാൽ മരിയോ ഗോമസിന്റെ മരണമാസ് പെർഫോമൻസ് വോൾഫ്സിനെ മൽസരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 80ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയ ഗോമസ് 83ആം മിനുട്ടിൽ സമനില പിടിച്ചു. 87ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കൂടെ ഗോളാക്കിയ ഗോമസ് വോൾഫ്സിന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാൽ ലെവർകൂസന്റെ യങ്സ്റ്റ് ഗോൾ സ്കോറർ ഹാവേട്ട്സ് 89ആം മിനുട്ടിൽ ഒരു കിടിലൻ ഗോളിലൂടെ അത് അട്ടിമറിച്ചു.

ഇന്നലത്തെ മൽസരത്തിൽ ഇൻഗോൾസ്റ്റാഡിനോട് ഏറ്റ തോൽവി മെയിൻസിനെ റെലെഗേഷൻ സോണിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. തോൽവിക്ക് ശേഷം 29 പോയന്റുമായി ഓഗ്സ്ബെർഗിനോടൊപ്പം 16ആം സ്ഥാനം പങ്കിടുകയാണ് ഇപ്പോൾ മെയിൻസ്. ഇൻഗോൾസ്റ്റാഡ് റോമൻ ബ്രീഗെറിയിലൂടെ (10′) ആദ്യം തന്നെ ലീഡ് നേടി. എന്നാം രണ്ടാം പകുതിയുടെ മധ്യത്തിൽ മാടിപിലൂടെ (70′) മെയിൻസ് സമനിലപിടിച്ചു. എന്നാൽ മെയിൻസിന്റെ പ്രതീക്ഷകളെ ഫ്ലോറെന്റ് ഹാടെർഗ്നോജ് തകിടം മറിച്ചു. 73ആം മിനുട്ടിൽ മെയിൻസിന്റെ ഗോളി ജോനാസ് ലോസിലിന്റെ തലയ്ക്ക് മുകളിൽ കൂടി ഫ്ലോറെന്റിന്റെ തകർപ്പൻ ക്രോസ് വലയിലെത്തി.

ബുണ്ട്സ് ലീഗയിൽ അടുത്ത ബുധനാഴ്ച ലെവർകൂസൻ ഡാംസ്റ്റാഡിനേയും വോൾഫ്സ് ഫ്രെയ് ബെർഗിനേയും നേരിടും. മറ്റ് മൽസരങ്ങളിൽ ഇൻഗോൾസ്റ്റാഡ് ഓഗ്സ്ബെർഗിനേയും മെയിൻസ് ലെപ്സിഗിനേയും നേരിടും.

Previous articleസ്വപ്നസാക്ഷാത്കാരത്തിനായി ബാംഗ്ലൂര്‍
Next articleമിയാമിയില്‍ ഫെഡറര്‍ക്ക് മൂന്നാം കിരീടം