ലെപ്സിഗിനെ സമനിലയിൽ കുരുക്കി ഓഗ്സ് ബെർഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എഫ്സി ഓഗ്സ് ബെർഗും ആർബി ലെപ്സിഗും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.ഓഗ്സ് ബെർഗിന്റെ ഹോം ഗ്രൗണ്ടായ WWK അറീനയിൽ നടന്ന മത്സരത്തിൽ ലെപ്സിഗിന്റെ കുതിപ്പിന് ഓഗ്സ് ബെർഗ് തടയിട്ടു. ഈ സമനിലയോടു കൂടി റെലെഗേഷൻ സോൺ ഭീഷണിയിൽ നിന്നും തൽക്കാലത്തേക്ക് മാർക്ക് ബാമിന്റെ ഓഗ്സ് ബെർഗ് പുറത്ത് കടന്നു. നിലവിൽ ബയേണിന്റെ പിറകിലായി 4 പോയന്റ് വ്യത്യാസത്തിൽ ലെപ്സിഗ് നിലയുറപ്പിച്ചു.കൊളോനുമായുള്ള മാച്ചിൽ വിജയിച്ചാൽ ഈ ഗ്യാപ്പ് 7 പോയന്റായി വർദ്ദിപ്പിക്കാൻ ബയേണിനു സാധിക്കും.ഈ സമനില ലെപ്സിഗിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടിയാണ്.

ആവേശോജ്വലമായ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഓഗ്സ് ബെർഗാണ്.19ആം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ നിന്നും വളരെ ദൂരെവെച്ച് സ്റ്റാഫിലിഡിസിന്റെ ഒരു തകർപ്പൻ ഷോട്ട്. പതറാതെ കളിച്ച ലെപ്സിഗ് 25ആം മിനുട്ടിൽ വെർണറിലൂടെ തിരിച്ചടിച്ചു. വെർണറുടെ ഈ സീസണിലെ 14ആം ഗോൾ ആയിരുന്നത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർട്ടിൻ കോംമ്പറിന്റെ കിടിലൻ ഹെഡ്ഡറിൽ ലെപ്സിഗ് മുന്നിട്ട് നിന്നു.എന്നാൽ 60ആം മിനുട്ടിൽ ഹിന്റെറീഗറിലൂടെ ഓഗ്സ് ബെർഗ് സമനില പിടിച്ചു.ലെപ്സിഗിന്റെയും റെഡ്ബുൾ മാനേജ്മെന്റിന്റേയും വിമർശകൻ കൂടിയായ ഹിന്റെറീഗറുടെ ഗോൾ ഗാലറിയെ കോരിത്തരിപ്പിച്ചു.ബുണ്ടസ് ലീഗയിൽ ഇന്ന് 6 മാച്ചുകൾ ഉണ്ട്.ബയേൺ കൊളോനേയും ഗ്ലാഡ്ബാക്ക് ഷാൽകയേയും ഹോഫെൻഹെയിം ഇൻഗോൾസ്റ്റാഡിനേയും നേരിടും. മറ്റ് മത്സരത്തിൽ മെയിൻസ് വോൾഫ്സ് ബെർഗിനേയും ഡോർട്ട്മുണ്ട് ബയേറിനേയും വേർഡർ ഡാംസ്റ്റാഡിനേയും നേരിടും.

 

Advertisement