ഒബമയാങ്ങിന് ഹാട്രിക്ക്, ആറടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബൊറുസിയ മൊഷെൻഗ്ലാഡ്ബാക്കിനെ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. ഹാട്രിക്ക് നേടിയ ഫ്രെഞ്ച് സൂപ്പർ സ്ട്രൈക്കർ പിയറെ-എമെറിക് ഓബമയാങ്ങ് ആണ് ഡോർട്ട്മുണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. മാക്സിമില്യൻ ഫിലിപ്പ് ഇരട്ട ഗോളുകൾ കൊണ്ട് ഒബാമയാങ്ങിന് പിന്തുണ നൽകിയപ്പോൾ ജൂലിയൻ വീഗിളും മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോളടിച്ചു. ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ നേടിയത് ലാർസ് സ്റ്റിൻഡിലാണ്. വിജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്. മഞ്ഞപ്പടയുടെ സമീപകാലത്തെ ഏറ്റവും മികച്ച തുടക്കമാണിത്.

ആദ്യ രണ്ട് ഗോളുകൾ നേടിയത് ഫ്രെയ്ബർഗിൽ നിന്നും ഈ സീസണിലെത്തിയ മാക്സിമില്യൻ ഫിലിപ്പാണ്. 28 ആം മിനുട്ടിലും 38 ആം മിനുട്ടിലും ഗ്ലാഡ്ബാക്കിന്റെ വല ഫിലിപ്പ് കണ്ടെത്തി. പിന്നീട് 28 കാരനായ ഒബമയാങ്ങിന്റെ ഊഴമായിരുന്നു. 45′,49′,62′ മിനുട്ടുകളിൽ ഗ്ലാഡ്ബാക്കിന്റെ വലയിലേക്ക് ഒബമയാങ്ങ് പന്തടിച്ച് കയറ്റി. 66 മിനുട്ടിൽ ആണ് ലാർസ് സ്റ്റിൻഡിൽ ഗ്ലാഡ്ബാക്കിന്റെ ആശ്വാസഗോൾ നേടിയത്. ഈ സീസണിൽ ആദ്യമായാണ് ഡോർട്ട്മുണ്ട് ഗോൾ വഴങ്ങുന്നത്. 79ആം മിനുട്ടിൽ ജൂലിയൻ വീഗിളാണ് ഡോർട്ട്മുണ്ടിന്റെ ആറാം ഗോൾ നേടിയത്. ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പര സാധ്യത നിലനിര്‍ത്താനായി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും
Next articleഇറാഖിനോട് ഗോൾരഹിത സമനില, ഇന്ത്യയുടെ ഭാവി നേപ്പാൾ-പലസ്തീൻ പോരാട്ടത്തിൽ