
ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസൻ ലെപ്സിഗിനെ സമനിലയിൽ തളച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചമിൻ ഹെൻറിക്ക്സ് ചുവപ്പു കാർഡ് കണ്ടു പുറത്ത് പോയതിനു ശേഷം പത്തുപേരുമായി കളിച്ചാണ് ലെവർകൂസൻ സമനില പിടിച്ചത്. അപ്രതീക്ഷിതമായ സമനില ലെപ്സിഗിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ഒന്നാം സ്ഥാനത്തുള്ള ബയേൺമായി ആറു പോയന്റ് വ്യത്യാസമാണ് ലെപ്സിഗിനുള്ളത്. മൂന്നു പോയന്റ് വ്യത്യാസത്തിൽ ഡോർട്ട്മുണ്ട് ലെപ്സിഗിന്റെ തൊട്ടു പിറകിലുണ്ട്.
കളിയുടെ തുടക്കത്തിൽ തന്നെ ഡോമിനേറ്റ് ചെയ്ത ലെപ്സിഗിന് 13 ആം മിനുട്ടിൽ സ്കോർ ചെയ്യാൻ സാധിച്ചു. സാബിറ്റ്സർ വഴി ലഭിച്ച പെനാൽറ്റി എടുത്ത റിമോ വെർണർ ലക്ഷ്യം കണ്ടു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലെവർ കൂസൻ സമനില നേടി. ലിയോൺ ബെയിലി ബുണ്ടസ് ലീഗയിലെ നാലാം ഗോൾ നേടി സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ബെഞ്ചമിൻ ഹെൻറിക്ക്സ് സാബിറ്റ്സർ ഫൗൾ ചെയ്തു നേരിട്ട് ചുവപ്പ് കാർഡ് വാങ്ങി. പെനാൽറ്റിയെടുത്ത എമിൽ ഫോഴ്സ്ബർഗിന് പിഴച്ചില്ല. ലെപ്സിഗ് വിജയമുറപ്പിച്ചു എന്ന് കരുതിയിരിക്കുമ്പോളാണ് കെവിൻ വോളണ്ടിലൂടെ ബയേർ ലെവർകൂസൻ സമനില നേടുന്നത്. ഈ സീസണിലെ തന്റെ ഏഴാം ഗോൾ ആണ് വോളണ്ട സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial