
ഇറ്റലിയുടെ പ്രതിരോധവും കീഴടക്കി വരുന്ന എതിർ ടീം ആക്രമണ നിരയെ തടയാൻ ഇനി ബുഫൺ ഉണ്ടാവില്ല. സ്വീഡന് എതിരായ പ്ലേ ഓഫ് മത്സരത്തിൽ സമനില വഴങ്ങി ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത്തിന് തൊട്ട് പിറകെയാണ് ഇറ്റലിയുടെ ഗോൾ വല 20 കൊല്ലം കാത്ത ഇതിഹാസ താരം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് അടക്കം നേടിയ താരം പക്ഷെ കണ്ണീരോടെ കളം വിടേണ്ടി വന്നത് ഫുട്ബോൾ ആരാധകർക്ക് നൊമ്പരമായി. 39 കാരനായ ബുഫൺ ഇറ്റലിക്കായി 175 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവന്റസ് താരമായ ബുഫൺ പക്ഷെ ഈ സീസണിന് ശേഷവും ക്ലബ്ബ് കളികളിൽ തുടരുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
ലോക ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ മുൻപന്തിയിൽ തന്നെയാണ് ഇറ്റലികാരന്റെ സ്ഥാനം. 1997 ഇൽ ആദ്യ മത്സരം കളിച്ച അന്ന് മുതൽ ഇന്നലെ വരെ ഇറ്റലിയുടെ ഒന്നാം നമ്പർ ഗോളി ബുഫൺ ആയിരുന്നു. 1958 ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടാനാവാതെ പോയ ടീമിന് വേണ്ടി രാജ്യത്തോട് മാപ്പ് പറഞ്ഞാണ് ബുഫൺ കളം വിടുന്നത്. അവസാന മത്സരത്തിൽ കളീൻ ഷീറ്റ് നേടാൻ ആയെങ്കിലും ആദ്യ പാദത്തിൽ ഏറ്റ ഏക ഗോളിന്റെ തോൽവി ബുഫേണിന്റെ റഷ്യൻ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമിട്ടു. ഇറ്റാലിയൻ ഫുട്ബാൾ വീണ്ടും നല്ല നാളുകളിലേക്ക് മടങ്ങുമെന്ന ഉറച്ച വിശ്വാസവും ബുഫൺ പങ്കുവച്ചു. സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി അറിയിച്ച ബുഫൺ തന്റെ ഗ്ലൗ കൈമാറുന്ന ഡൊണാറുമ അടക്കമുള്ള താരങ്ങളിൽ തനിക്കുള്ള ഉറച്ച വിശ്വാസവും പങ്കുവച്ചു.
നേരത്തെ 2018 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരം ഇറ്റലി യോഗ്യത നേടാനാവാതെ വന്നതോടെ പുതു താരങ്ങൾക്കായി വഴി മാറാൻ തീരുമാനിക്കുകയായിരുന്നു. 2006 ഇൽ കനവാരോക്ക് കീഴിൽ ലോകകപ്പ് നേടിയ ടീമിലെ നിർണായക പങ്കാളിയായിരുന്ന താരം 2000, 2012 യൂറോ കപ്പ് ഫൈനൽ കളിച്ച ഇറ്റലി ടീമിലും അംഗമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial